കല്ലമ്പലം: ഒറ്റൂർ പഞ്ചായത്തിലെ ശ്രീനാരായണപുരം ഗവ.യു.പി.എസിൽ മൂന്ന് മാസത്തിലൊരിക്കൽ നടക്കുന്ന കൈമാറ്റക്കടയിൽ കൊടുക്കൽ വാങ്ങലിന്റെ സന്തോഷം. കൈമാറ്റക്കടയെന്ന ആശയം ശ്രീനാരായണപുരം ഗവ.യു.പി.എസിൽ രൂപംകൊള്ളുന്നത് പ്രഥമാദ്ധ്യാപികയായി വിരമിച്ച പി.ബീനയിൽ നിന്നാണ്. വർഷങ്ങൾക്ക് മുൻപ് ബീന ജോലിചെയ്തിരുന്ന സ്കൂളിൽ ആദ്യമായി സ്വാപ് ഷോപ്പ് നടത്തി. നിർദ്ധനരായ കുട്ടികളെ കണ്ടെത്തി പുനരുപയോഗമൂല്യമുള്ള സാധനങ്ങൾ നൽകുകയായിരുന്നു ലക്ഷ്യം. അത് ഇവിടെ പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നതിനിടെയാണ് തിരുവനന്തപുരത്ത് സ്വാപ് ഷോപ്പ് നടത്തിയ വാർത്ത പത്രത്തിൽ വായിച്ചത്. അങ്ങനെ അദ്ധ്യാപകരുടെയും പി.ടി.എ അംഗങ്ങളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ സ്കൂളിൽ മൂന്നു മാസത്തിലൊരിക്കൽ കൈമാറ്റക്കട നടത്താൻ തുടങ്ങി. വാർഡ് മെമ്പർ ഉൾപ്പെടെ നാട്ടുകാരാകെ ഇതിനെ പ്രോത്സാഹിപ്പിച്ചു, സാധനങ്ങളും എത്തിച്ചു. അങ്ങനെ സ്കൂളിലെ തനതു പ്രവർത്തനമായി അതുമാറി. ഇപ്പോൾ മാവിൻമൂട് നവോദയം ഗ്രന്ഥശാല വനിതാവേദിയുടെ കൺവീനറാണ് ബീന. വനിതാവേദിയുടെ നേതൃത്വത്തിൽ നാല് സ്വാപ് ഷോപ്പുകൾ നടത്തി. വിവിധതരം വസ്ത്രങ്ങൾ, പാത്രങ്ങൾ, കളിപ്പാട്ടങ്ങൾ, ചെരുപ്പുകൾ, ബാഗുകൾ, ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ എന്നിവയെല്ലാം വിനിമയത്തിനായി ശേഖരിച്ചു. ഇരുന്നൂറോളം പേർ കൈമാറ്റക്കട കാണാനും സാധനങ്ങൾ സ്വീകരിക്കാനുമായി എത്തി.