v

ചെന്നൈ: പത്തു കുട്ടികൾ ഉൾപ്പെടെ 41 പേർക്ക് ദാരുണാന്ത്യം സംഭവിച്ച കരൂർ ദുരന്തം മനുഷ്യനിർമ്മിതമെന്ന് മദ്രാസ് ഹൈക്കോടതി. കോടതിയ്ക്ക് കണ്ണടയ്കനാകില്ലെന്നും ആരും നിയമത്തിന് അതീതരല്ലെന്നും തുറന്നടിച്ചു. ടി.വി.കെ പ്രസിഡന്റ് വിജയ്‌ക്കെതിരെ രൂക്ഷമായ പരാമർശം നടത്തി.

കുട്ടികളടക്കം മരിച്ചിട്ടും വിജയ് സ്ഥലം വിട്ടെന്നും അണികളെ ഉപേക്ഷിച്ചയാൾക്ക് നേതൃഗുണം ഇല്ലെന്നും കോടതി രൂക്ഷഭാഷയിൽ വിമർശിച്ചു. എന്തുതരം രാഷ്ട്രീയ പാർട്ടി ആണിത്? കോടതി ചോദിച്ചു.

കേസ് അന്വേഷണം മുന്നോട്ടു കൊണ്ടുപോകാൻ മടിക്കുന്നതെന്താണെന്നാണ് സർക്കാരിനോട് ചോദിച്ചത്. രണ്ട് പേരെ അറസ്റ്റു ചെയ്തെന്ന് സർക്കാർ അഭിഭാഷകൻ ജെ.രവീന്ദ്രൻ പറഞ്ഞപ്പോൾ ടി.വി.കെയോട് എന്താണ് ഇത്ര വിധേയത്വം എന്നായിരുന്നു കോടതിയുടെ ചോദ്യം.

വിജയ്‌ക്കെതിരെ കേസെടുക്കാൻ നേരിട്ട് നിർദേശിച്ചില്ലെങ്കിലും സംസ്ഥാന സർക്കാരിന്റെ 'വിജയ്‌പ്പേടിയെ' ശക്തമായി വിമർശിച്ചു. ഇതോടെ വിജയും പ്രതിയാവാൻ സാദ്ധ്യതയേറി.

നടനും ടി.വി.കെ സ്ഥാപക നേതാവുമായ വിജയ്‌ക്കെതിരെ കേസെടുക്കണമെന്ന ചെന്നൈ സ്വദേശി ദിനേശ് നൽകിയ ഹർജിയിലാണ് കോടതിയുടെ വിമർശനം.

ദുരന്തം അന്വേഷിക്കാൻ ഉത്തരമേഖല ഐ.ജി അസ്ര ഗാർഗിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ ജസ്റ്റിസ് ജഡ്ജി സെന്തിൽകുമാർ ഉത്തരവിട്ടു. നാമക്കൽ എസ്.പിയും സംഘത്തിന്റെ ഭാഗമാവും. ടി.വി.കെയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ബുസി ആനന്ദിന്റെയും ജോയിന്റ് സെക്രട്ടറി നിർമ്മൽ കുമാറിന്റെയും മുൻകൂർ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് തള്ളി.

പൊതുമുതൽ നശിപ്പിച്ച കേസിൽ ടി.വി.കെ നാമക്കൽ ജില്ലാ സെക്രട്ടറി സതീശ് കുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷയും കോടതി തള്ളി. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള രണ്ട് ഹർജികളും മദ്രാസ് ഹൈക്കോടതി തള്ളി.

സമൂഹ മാദ്ധ്യമത്തിലൂടെ യുവജന വിപ്ലവത്തിന് അഹ്വാനം ചെയ്ത ടി.വി.കെ ‌ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ആധവ് അർജ്ജുനെ അറസ്റ്റ് ചെയ്യാൻ സർക്കാർ പൊലീസിന് നിർദ്ദേശം നൽകി.

യോഗത്തിന് ചട്ടം വരും,

അതുവരെ അനുമതിയില്ല
1 പൊതുയോഗങ്ങൾ നടത്തുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ രൂപീകരിക്കുന്നതു വരെ ഒരു യോഗത്തിനും അനുമതി നൽകില്ലെന്ന് തമിഴ്നാട് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു

2 യോഗങ്ങൾ നടത്തുമ്പോൾ ശുദ്ധജലം, ടോയ്‌ലെറ്റ് തുടങ്ങിയവ ഒരുക്കേണ്ടത് അതതു രാഷ്ട്രീയ പാർട്ടികളുടെ ഉത്തരവാദിത്തമാണെന്നു കോടതി വ്യക്തമാക്കി

3 ദേശീയ,സംസ്ഥാന പാതകളുടെ സമീപത്ത് ഒരു പാർട്ടിക്കും യോഗങ്ങൾ നടത്താൻ അനുമതി നൽകരുതെന്നും കോടതി പറഞ്ഞു