പാലോട്: ക്യാൻസർ രോഗബാധിതയായി വീട് എന്നത് സ്വപ്നം മാത്രമായി അവശേഷിച്ച ചെറ്റച്ചൽ കുറുങ്ങണം കോണത്ത് വീട്ടിൽ സിന്ധു, ഭിന്നശേഷി കാരനായ അജയൻ ദമ്പതികൾക്ക് വീടൊരുങ്ങി. തണൽ ഒമാൻ രക്ഷാധികാരി ജി.സി. ബാബുവും സ്നേഹഭവനം ചാരിറ്റി ഫൗണ്ടേഷൻ ചെയർമാനും സ്കൈലൈൻ ഡയറക്ടറുമായ കെ.സി.എബ്രഹാമുമായി സഹകരിച്ചാണ് സ്നേഹഭവനം യാഥാർത്ഥ്യമാക്കിയത്. അജയനും സിന്ധുവും വാടക വീട്ടിലാണ് കഴിഞ്ഞിരുന്നത്. സ്കൂൾ വിദ്യാർത്ഥികളായ രണ്ട് മക്കളും അജയന്റെ അമ്മയും അച്ഛനും സിന്ധുവിന്റെ അമ്മയുമാണ് വാടക വീട്ടിൽ കഴിഞ്ഞിരുന്നത്. സിന്ധുവിന്റെ അമ്മയും ക്യാൻസർ ബാധിതയാണ്. ഇവരുടെ ദുരിത ജീവിതം കേട്ടറിഞ്ഞാണ് ഇവർക്കായി സ്വപ്ന ഭവനം ഒരുങ്ങിയത്. വിതുര പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷാ ആനന്ദിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സ്നേഹഭവനത്തിന്റെ താക്കോൽ മജിഷ്യൻ ഗോപിനാഥ് മുതുകാട് അജയനും സിന്ധുവിനും കൈമാറി. സ്നേഹഭവനം ചാരിറ്റി ഫൗണ്ടേഷൻ ചെയർമാൻ കെ.സി.എബ്രഹാം, തണൽ ഒമാൻ രക്ഷാധികാരി ജി.ബാബു, പഞ്ചായത്തംഗം സുരേന്ദ്രൻ നായർ, നന്ദിയോട് സതീശൻ, എസ്.എസ്.സജീഷ്, ശ്രീകുമാർ എന്നിവർ പങ്കെടുത്തു. സ്നേഹഭവനം ചാരിറ്റി ഫൗണ്ടേഷൻ നിർമ്മിച്ചു നൽകുന്ന മുപ്പതാമത് വീടാണ് ഇത്.