തിരുവനന്തപുരം: തലസ്ഥാനത്ത് ചാക്കയിൽ ബ്രഹ്മോസിന് സമീപം മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങിയ രണ്ടുവയസുള്ള നാടോടി ബാലികയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 65 വർഷം കഠിന തടവും 72,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ആറ്റിങ്ങൽ ഇടവ വെറ്റക്കട കുഞ്ഞിക്കാലെഴുകം വീട്ടിൽ അബു എന്നും കബീർ എന്നും വിളിക്കുന്ന ഹസൻകുട്ടിയെയാണ് (45) ശിക്ഷിച്ചത്.
പിഴത്തുക ഇരയായ പെൺകുട്ടിക്ക് നൽകാനും പോക്സോ കോടതി ജഡ്ജി എം.പി. ഷിബു ഉത്തരവിട്ടു. പിഴ ഒടുക്കിയില്ലെങ്കിൽ പ്രതി നാലുവർഷം അധിക തടവ് അനുഭവിക്കണം. കുട്ടിക്ക് ഇരകൾക്കുള്ള സർക്കാർ ധനസഹായ നിധിയിൽ നിന്ന് അർഹമായ തുക നൽകാനും കോടതി നിർദ്ദേശിച്ചു.
പ്രതിയുടെ പ്രവൃത്തിയെ ഏറെ പൈശാചികം എന്ന് വിശേഷിപ്പിച്ചാണ് ശിക്ഷ വിധിച്ചത്. പ്രതിക്കെതിരെ ലൈംഗിക പീഡനം, തട്ടിക്കൊണ്ടുപോകൽ, കൊലപാതക ശ്രമം എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. സംഭവം നടക്കുന്ന സമയത്ത് കുട്ടിക്ക് ഒന്നര വയസായിരുന്നു പ്രായം.
2024 ഫെബ്രുവരി 19നാണ് ബ്രഹ്മോസിന് സമീപം ഹൈദരാബാദ് സ്വദേശികളായ മാതാപിതാക്കൾക്കൊപ്പം ടെന്റിൽ കിടന്നുറങ്ങിയ കുട്ടിയെ പ്രതി തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ശേഷം സമീപത്തെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചത്. അടുത്ത ദിവസം വൈകിട്ട് 7.30നാണ് ബ്രഹ്മോസിന് സമീപത്തെ കുറ്റിക്കാട്ടിൽ നിന്ന് അബോധാവസ്ഥയിൽ കുട്ടിയെ പൊലീസ് കണ്ടെത്തിയത്.
വൈദ്യപരിശോധനയിൽ കുട്ടി പീഡനത്തിന് ഇരയായെന്ന് തെളിഞ്ഞു. പ്രതിയുടെ വസ്ത്രത്തിൽ നിന്ന് കിട്ടിയ കുട്ടിയുടെ മുടി നിർണായക തെളിവായി. ബ്രഹ്മോസിലെ സി.സി ടിവി ക്യാമറകളിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രോസിക്യൂഷനു വേണ്ടി കാട്ടായിക്കോണം ജെ.കെ. അജിത് പ്രസാദ് ഹാജരായി.
പിടിയിലായത് തല
മൊട്ടയടിച്ച് മടങ്ങവേ
65 വർഷം തടവുശിക്ഷ വിധിച്ചതിലൂടെ 45 വയസുള്ള പ്രതിക്ക് ജീവിതാവസാനം വരെ ജയിലിൽ കഴിയേണ്ടിവരും. നിരവധി പോക്സോ കേസുകളിൽ പ്രതിയാണ് ഹസൻകുട്ടി. ചാക്കയിലെ
സംഭവത്തിന് ദിവസങ്ങൾക്കു മുൻപാണ് കൊല്ലം ആയൂർ പൊലീസ് രജിസ്റ്റർ ചെയ്തിരുന്ന പോക്സോ കേസിൽ ഇയാൾ ജാമ്യത്തിലിറങ്ങിയത്. തുടർന്ന് ആലുവയിൽ ഒരു ഹോട്ടലിൽ ജോലി ചെയ്തു. അവിടെ നിന്ന് തിരുവനന്തപുരത്ത് എത്തിയ ശേഷമാണ് നാടോടി ബാലികയെ പീഡിപ്പിച്ചത്. സംഭവശേഷം ആലുവയിലെ ഹോട്ടലിലേക്ക് മടങ്ങി. തുടർന്ന് അവധിയെടുത്ത് പളനിയിൽ പോയി തലമുണ്ഡനം ചെയ്ത് മടങ്ങവേ കൊല്ലത്തുവച്ചാണ് പേട്ട പൊലീസ് പിടികൂടിയത്.