തിരുവനന്തപുരം: കേരള സർവകലാശാലയിലെ സിൻഡിക്കേറ്റ് സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിൽ ഇടത് അംഗമായ മുരളീധരൻ, തനിക്കെതിരേ മോശം വാക്കുകളുപയോഗിച്ചെന്നും തെറിവിളിച്ചെന്നും ബി.ജെ.പി അംഗം പി.എസ്. ഗോപകുമാർ വി.സിക്ക് പരാതി നൽകി. ഇന്നലെ രാവിലെ 11ന് സിൻഡിക്കേറ്റ് റൂമിൽ പ്ലാനിംഗ് ആൻഡ് ഡെവലപ്മെന്റ് സ്റ്റാൻഡിംഗ് കമ്മിറ്റി ചേർന്നപ്പോഴാണ് സംഭവം. 16അജൻഡകളിൽ പന്ത്രണ്ടിലും ചർച്ച ചെയ്ത് തീരുമാനമെടുത്തു. സംസ്കൃതം വകുപ്പിന് പുതിയ സെമിനാർ ഹാൾ പണിയുന്നത് സംബന്ധിച്ച പതിമ്മൂന്നാം അജൻഡ പരിഗണിക്കവേയാണ് സിൻഡിക്കേറ്റംഗവും ഫിനാൻസ് കമ്മിറ്റി കൺവീനറുമായ ജി.മുരളീധരൻ പ്രകോപിതനായത്. അദ്ദേഹമായിരുന്നു യോഗത്തിന്റെ അദ്ധ്യക്ഷൻ. ഈ അജൻഡ ആരാണ് അംഗീകരിച്ചതെന്ന് മുരളീധരൻ ജീവനക്കാരോട് ചോദിച്ചു. രജിസ്ട്രാറാണെന്ന് മറുപടി ലഭിച്ചപ്പോൾ 'ഏത് രജിസ്ട്രാർ' എന്ന ചോദ്യമുന്നയിച്ചു. 'സർവകലാശാലയ്ക്ക് ഒരു രജിസ്ട്രാർ അല്ലേ ഉള്ളൂവെന്നും അതിനാൽ ഏത് രജിസ്ട്രാർ എന്ന ചോദ്യത്തിന് പ്രസക്തിയില്ല' എന്നും ഗോപകുമാർ
പറഞ്ഞു. അപ്പോഴാണ് 'ഇത് പറയാൻ നീയാരാടാ...' എന്ന് മുരളീധരൻ തനിക്കു നേരെ ആക്രോശിച്ചതെന്ന് ഗോപകുമാറിന്റെ പരാതിയിൽ പറയുന്നു. മോശം പരാമർശം നടത്തിയ മുരളീധരനെതിരേ നടപടിയെടുക്കണമെന്നാണ് പരാതിയിലുള്ളത്. ഗോപകുമാറിന്റെ പരാതി വി.സി പൊലീസിന് കൈമാറിയേക്കും.
അതിനിടെ, കഴിഞ്ഞ സിൻഡിക്കേറ്റ് യോഗത്തിന്റെ മിനുട്ട്സ് തിരുത്തിയെന്ന പരാതിയിൽ കന്റോൺമെന്റ് പൊലീസ് വി.സിയുടെയും രജിസ്ട്രാറുടെയും മൊഴിയെടുത്തു. സിൻഡിക്കേറ്റ് യോഗത്തിന്റെ മിനുട്ട്സ് തയ്യാറാക്കേണ്ടത് രജിസ്ട്രാറും അംഗീകരിക്കേണ്ടത് വി.സിയുമായിരിക്കെ ഈ പരാതിക്ക് കഴമ്പില്ലെന്നാണ് വി.സിയുടെ വിശദീകരണം. രജിസ്ട്രാറും സമാനമായ മൊഴിയാണ് നൽകിയത്.
പരാതിക്കാരനായ ഡോ.ലെനിന്റെ മൊഴി കഴിഞ്ഞ ദിവസം എടുത്തിരുന്നു. മിനുട്ടിസിൽ രജിസ്ട്രാർ ഡോ.അനിൽകുമാറിന്റെ സസ്പെൻഷൻ ചർച്ച ചെയ്തെന്ന് രേഖപ്പെടുത്തിയെന്നാണ് പരാതി. എന്നാൽ യോഗത്തിൽ അത്തരം ചർച്ചയുണ്ടായിരുന്നില്ലെന്ന് ലെനിൻ മൊഴി നൽകി. സിൻഡിക്കേറ്റ് അറിയാതെ സ്വാർത്ഥ താത്പര്യത്തിനായി മിനുട്ട്സ് തിരുത്തിയെന്നാണ് പരാതിക്കാരനായ ഡോ. ലെനിൻ പറയുന്നത്. വഞ്ചന, ഔദ്യോഗിക രേഖകളിൽ കൃത്രിമം വരുത്തൽ, ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരള യൂണി. വി.സിയുടെ ചേംബർ ജീവനക്കാർ ഉപരോധിച്ചു
തിരുവനന്തപുരം: സെക്ഷൻ ഓഫീസറുടെ സ്ഥലംമാറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാർ കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മലിന്റെ ചേംബർ ഉപരോധിച്ചു. കോളേജുകളിൽ പുതിയ കോഴ്സുകൾ അനുവദിക്കുന്നതിൽ ഇടപെടുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ കോളേജ് അഫിലിയേഷൻ ചുമതലയുള്ള സെക്ഷൻ ഓഫീസർ റിബു ജേക്കബ് മാത്യുവിനെ മാറ്റിയതിനെ തുടർന്നാണിത്. സി.പി.എം നേതൃത്വത്തിലുള്ള കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ പ്രവർത്തകരാണ് ചേംബർ ഉപരോധിച്ചത്. സ്ഥലംമാറ്റം റദ്ദാക്കാൻ വി.സി വിസമ്മതിച്ചു. എന്നാൽ തത്കാലം മേൽനടപടി കൈക്കൊള്ളുന്നില്ലെന്ന വി.സിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിൽ ഉപരോധം അവസാനിപ്പിച്ച് ജീവനക്കാർ പിരിഞ്ഞുപോയി. സ്ഥിരമായി ഒരേ സെക്ഷനിൽ നിയമിച്ചിട്ടുള്ളവരെ സ്ഥലം മാറ്റാനുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്നും വി.സി വ്യക്തമാക്കി.