തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകർക്ക് അദ്ഭുതവും ആദരവും തോന്നുന്ന ജീവിതമായിരുന്നു ടി.ജെ.എസ് ജോർജിന്റേത്. പത്രപ്രവർത്തനത്തിലൂടെ ലോകം മുഴുവൻ അറിയപ്പെട്ടപ്പോഴും അദ്ദേഹത്തിന്റെ ഓർമ്മകളിൽ തിരുവനന്തപുരവും ജന്മനാടായ കോട്ടയവുമൊക്കെ നിറഞ്ഞു നിന്നിരുന്നു. കോട്ടയത്തും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലുമായിട്ടായിരുന്നു പഠനം. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ഓണേഴ്സ് ബിരുദം നേടി.
തിരുവനന്തപുരത്തെ അന്നദാതാവായ പൊന്നുതമ്പുരാന്റെ ലോകമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചിരുന്നത്. ''തിരുവിതാംകൂറുകാർക്ക് തിരുവനന്തപുരം അന്ന് ലോകത്തിന്റെ തലസ്ഥാനമായിരുന്നു. യൂണിവേഴ്സിറ്റി കോളേജിനെക്കാൾ ശ്രേഷ്ഠമായൊരു വിദ്യാഭ്യാസസ്ഥാപനം ഓക്‌സ്‌ഫോർഡിൽ പോലുമില്ലെന്ന് അവർക്ക് അറിയാമായിരുന്നു...'' പത്രപ്രവർത്തക ജീവിതത്തെ അടിസ്ഥാനമാക്കി എഴുതിയ ‘ഘോഷയാത്ര’ എന്ന പുസ്തകത്തിൽ അദ്ദേഹം എഴുതിയ വരികളാണിത്.
സ്വന്തം ജീവിതത്തെക്കാൾ തന്നോട് ഇടപഴകുന്നവരുടെ ജീവിതത്തിന്റെ മേന്മകളെടുത്തു കാട്ടാനാണ് അദ്ദേഹം ഏറെ ഇഷ്ടപ്പെട്ടിരുന്നത്. മലയാറ്റൂർ രാമകൃഷ്ണൻ, കാർട്ടൂണിസ്റ്റ് അബു, സി.എൻ.ശ്രീകണ്ഠൻനായർ, സോഷ്യലിസ്റ്റ് നേതാവ് പി.വിശ്വംഭരൻ, ആർ.എസ്.പി നേതാവ് ജെ.പങ്കജാക്ഷൻ എന്നിവരെ യൂണിവേഴ്സിറ്റി കോളേജിലെ പഠനംകാലം മുതൽ പരിചയമുണ്ടായിരുന്നു. അടൂർ ഭാസി, കെ.ബാലകൃഷ്ണൻ എന്നിവരുമായി അടുത്തബന്ധം പുലർത്തിയിരുന്നു.
മൂന്നുവർഷം മുമ്പ് പത്രപ്രവർത്തന ജീവിതത്തിന് വിരാമമിട്ട് ബംഗളൂരുവിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. രണ്ടുവർഷം മുമ്പുണ്ടായ ഭാര്യ അമ്മുവിന്റെ മരണം അദ്ദേഹത്തെ തളർത്തിയിരുന്നു. മൂന്നുവർഷമായി കേരളത്തിലെത്തിയിട്ടെന്ന് സഹോദരൻ മാത്യു കേരളകൗമുദിയോട് പറഞ്ഞു.
ബന്ത് റിപ്പോർട്ട് ചെയ്തു
ജയിലിലായി
വി.കെ.കൃഷ്ണമേനോൻ, എം.എസ്.സുബ്ബലക്ഷ്മി, സിംഗപ്പൂർ മുൻ പ്രസിഡന്റ് ലീക്വാൻയൂ എന്നിവരെ കുറിച്ച് ജീവചരിത്രമെഴുതി. 1965ൽ ബീഹാർ മുഖ്യമന്ത്രി കെ.ബി.സഹായിയെ ധിക്കരിച്ച് പട്ന ബന്ത് റിപ്പോർട്ട് ചെയ്തതിന് സർക്കാർ ജയിലിലടച്ചു. പട്‌നയിൽ സെർച്ച്‌ലൈറ്റ് പത്രത്തിന്റെ പത്രാധിപരായിരുന്നപ്പോഴായിരുന്നു അത്. കാൽനൂറ്റാണ്ടുകാലം ദി ന്യൂ ഇന്ത്യൻ എക്സ് പ്രസിൽ പോയിന്റ് ഓഫ് വ്യൂ എന്ന കോളമെഴുതി. 'നൗ ഈസ് ദി ടൈം ടു സേ ഗുഡ്ബൈ' എന്ന തലക്കെട്ടിലെഴുതിയ കോളത്തിന്റെ അവസാന ലക്കവും ശ്രദ്ധനേടിയിരുന്നു.
മുഖ്യമന്ത്രി അനുശോചിച്ചു
അടിയന്തരാവസ്ഥക്കാലത്തടക്കം ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ടി.ജെ.എസ് ജോർജ് ലിബറൽ ജേർണലിസത്തിന്റെ ധീരനായ വക്താവായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. കേരളം രാജ്യത്തിനും ലോകത്തിനും സംഭാവന ചെയ്ത മികച്ച പത്രപ്രവർത്തകരിൽ ഒരാളായിരുന്നു ടി.ജെ.എസ് എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.