പാറശാല: പാറശാല താലൂക്ക് ആശുപത്രിയിൽ പുതിയതായി നിർമ്മിച്ച മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം നടന്ന് ഒരു മാസം കഴിഞ്ഞിട്ടും ഒരു സ്പെഷ്യാലിറ്റിയും ആരംഭിക്കാത്തതിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആശുപത്രി സൂപ്രണ്ടിന്റെ കസേരയിൽ വാഴ വച്ച് പ്രതിഷേധിച്ചു. സൂപ്രണ്ട് ഒരാഴ്ചയായി അവധിയിലാണെന്ന് അറിഞ്ഞതിനെ തുടർന്നാണ് സീറ്റിൽ വാഴ വച്ച് പ്രതിഷേധിച്ചത്. വിവരമറിഞ്ഞ പാറശാല പൊലീസ് സ്ഥലത്തെത്തി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് മാറ്റി.
യൂത്ത് കോൺഗ്രസ് പാറശാല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരത്തിന് മണ്ഡലം പ്രസിഡന്റ ബ്രഹ്മിൻ ചന്ദ്രൻ, പെരുങ്കടവിള കൃഷ്ണശേഖർ, ശാലിനി രാജേഷ്, പ്ലാംപഴിഞ്ഞി അഭിലാഷ്, അയ്ങ്കാമം സതീഷ്, സതീഷ് കോട്ടുക്കോണം, വിനയനാഥ്, നെടുവാൻവിള മണികണ്ഠൻ തുടങ്ങിയവർ നേതൃത്വം നൽകി.