തിരുവനന്തപുരം: നഗരത്തിൽ ചുരുങ്ങിയ നിരക്കിൽ രുചികരമായ ഭക്ഷണം വിളമ്പിയിരുന്ന തട്ടുകടകൾ ഒഴിപ്പിക്കുന്ന നഗരസഭയുടെയും പൊലീസിന്റെയും നടപടി തുടരുന്നു. മെഡിക്കൽ കോളേജ്, ശ്രീപദ്മനാഭസ്വാമി ക്ഷേത്രം പരിസരങ്ങളിലെ തട്ടുകടകളാണ് ഇന്നലെ ഒഴിപ്പിച്ചത്. ശ്രീമൂലം ക്ലബ് മുതൽ വഴുതക്കാട് കോട്ടൺഹിൽ എൽ.പി സ്കൂൾ മുൻവശം വരെയും വെള്ളയമ്പലം- വട്ടിയൂർക്കാവ് റോഡിലെയും കേശവദാസപുരം എം.ജി കോളേജ് മുതൽ പരുത്തിപ്പാറ വരെയുമുള്ള കടകൾ വ്യാഴാഴ്ച അടപ്പിച്ചിരുന്നു. റോഡ് കൈയേറിയും ഗതാഗത തടസമുണ്ടാക്കിയും പ്രവർത്തിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസും നഗരസഭയും നടപടിയെടുത്തത്. ഇവിടങ്ങളിൽ ഭക്ഷണം കഴിക്കാനെത്തുന്നവർ റോഡുവക്കിൽ വാഹനം പാർക്ക് ചെയ്യുന്നതിനാൽ ഏറെ കുരുക്കുണ്ടാകുന്നത് പതിവാണെന്നും ഇതുസംബന്ധിച്ച പരാതികളിലാണ് നടപടിയെടുത്തതെന്നും അധികൃതർ പറയുന്നു.
എന്നാൽ, വർഷങ്ങളായി നടത്തിയിരുന്ന ഉപജീവനമാർഗമാണ് ഇല്ലാതാക്കിയതെന്ന് കടയുടമകൾ പറഞ്ഞു. കുറച്ചുദിവസങ്ങൾക്ക് മുമ്പ് പൊലീസ് വന്നുപറഞ്ഞതല്ലാതെ മുന്നറിയിപ്പൊന്നും നൽകിയിരുന്നില്ല. നഗരസഭ, പൊലീസ് അധികൃതർ പെട്ടെന്നെത്തി ഉന്തുവണ്ടികളും ഡെസ്കും അടക്കമുള്ളവ എടുത്തുകൊണ്ടു പോവുകയായിരുന്നു. ഏഴെട്ട് വർഷമായി നഗരസഭയിൽ ലൈസൻസിന് അപേക്ഷിക്കുകയും മുൻഗണനാ പട്ടികയിൽ പേരുള്ളവരുമാണ് കടകൾ ഇല്ലാതായ തങ്ങളിൽ പലരുമെന്നും ഉടമകൾ പറഞ്ഞു. തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് നടത്തുന്ന തട്ടുകട ഒഴിപ്പിക്കൽ പിരിവിന് വേണ്ടിയുള്ള നാടകമാണെന്നും ആരോപണമുയർന്നിട്ടുണ്ട്.
അതേസമയം, ചെറുകിട കച്ചവടക്കാരനെന്ന പേരിൽ വൻകിട വ്യവസായികളുടെയും ഹോട്ടലുകളുടെയും ബിനാമികളാണ് തട്ടുകടകളിൽ കച്ചവടം നടത്തുന്നതെന്ന് പൊലീസും നഗരസഭ അധികൃതരും പറയുന്നു. ചെറിയ തട്ടുകടയെന്ന പേരിൽ വലിയ വിസ്തൃതിയിൽ സ്ഥലമെടുത്താണ് ടെന്റുകൾ കെട്ടി കച്ചവടം നടത്തുന്നത്. ഇത് കൂടാതെയാണ് വലിയ തോതിലുള്ള വാഹന പാർക്കിംഗും. ഇതുമൂലം തിരക്കേറിയ റോഡുകളിൽ വലിയ ഗതാഗതക്കുരുക്കാണ് ഉണ്ടാകുന്നതെന്നും നഗരത്തിലെ അനധികൃത തട്ടുകടകൾക്കെതിരേ നടപടി കർശനമായി തുടരുമെന്നും അധികൃതർ അറിയിച്ചു.
നിയമവിരുദ്ധ ഒഴിപ്പിക്കലിനെ നേരിടും
നഗരസഭ, പൊലീസ് അധികൃതരുടെ നടപടി നിയമ വിരുദ്ധമാണെങ്കിൽ അതിനെ ശക്തമായി നേരിടുമെന്ന് ജില്ലാ വഴിയോരക്കച്ചവട തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) പ്രസ്താവനയിൽ അറിയിച്ചു. വഴിയോരക്കച്ചവട ഉപജീവന സംരക്ഷണ നിയമ പ്രകാരമാണ് തങ്ങൾ കച്ചവടം ചെയ്യുന്നത്. 30 ദിവസത്തെ നോട്ടീസില്ലാതെയാണിപ്പോൾ ഒഴിപ്പിക്കൽ നടത്തുന്നത്. പകരം സംവിധാനം ഏർപ്പെടുത്താതെ ഉപജീവനം ഇല്ലാതാക്കുന്ന നടപടി അംഗീകരിക്കില്ലെന്നും നിയമവിരുദ്ധ നടപടികൾ തുടർന്നാൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും ജില്ലാ പ്രസിഡന്റ് ഡോ.കെ.എസ്.പ്രദീപ് കുമാർ,ജനറൽ സെക്രട്ടറി കെ.സി.കൃഷ്ണൻകുട്ടി എന്നിവർ അറിയിച്ചു.