തിരുവനന്തപുരം:സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ പട്ടികവർഗ വിഭാഗം കുട്ടികളുടെ വിദ്യാഭ്യാസത്തിൽ വ്യക്തിഗത ശ്രദ്ധ ഉറപ്പുവരുത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ്‌.കുട്ടികളുടെ ഹാജർ കൃത്യമായി രേഖപ്പെടുത്തുന്നതിന് കേരള ഇൻഫ്രാസ്ട്രക്‌ചർ ആന്റ്‌ ടെക്നോളജി ഫോർ എജ്യൂക്കേഷൻ (കൈറ്റ്) സജ്ജമാക്കിയ സമ്പൂർണപ്ലസ് പോർട്ടൽ (https:/sampoorna.kite.kerala.gov.in:446/plus),മൊബൈൽ ആപ്പ് എന്നിവ നിർബന്ധമായും ഉപയോഗിക്കാൻ സ്കൂളുകൾക്ക് പൊതുവിദ്യാഭ്യാസ ഡയറക്‌ടർ എൻ.എസ്‌.കെ ഉമേഷ്‌ നിർദേശം നൽകി.ഹാജർനില,പ്രോഗ്രസ് റിപ്പോർട്ട് എന്നിവ രേഖപ്പെടുത്താനും രക്ഷിതാക്കൾക്ക് മെസേജ് അയയ്ക്കാനും ഇതിൽ സൗകര്യമുണ്ട്.കുട്ടി സ്ഥിരമായി സ്കൂളിൽ വരുന്നുണ്ടോ എന്നറിയാൻ ജൂൺ മുതൽ സെപ്‌തംബർ വരെയുള്ള മാസങ്ങളിൽ പട്ടികവർഗ വിഭാഗം വിദ്യാർത്ഥികൾ ഹാജരാകാതിരുന്ന ദിവസങ്ങൾ സ്കൂളുകൾ ഉടൻ ലഭ്യമാക്കണം.സമ്പൂർണപ്ലസ് ഉപയോഗിക്കുന്നത് സംബന്ധിച്ച യൂസർ മാന്വലും കൂടുതൽ നിർദേശങ്ങളും കൈറ്റ് ലഭ്യമാക്കിയിട്ടുണ്ടെന്ന് സി.ഇ.ഒ കെ.അൻവർസാദത്ത്‌ അറിയിച്ചു.പൊതുവിദ്യാലയങ്ങളിൽ ഒന്നു മുതൽ 10 വരെ ക്ലാസുകളിലായി 65,091 പട്ടികവർഗ വിദ്യാർത്ഥികളാണ്‌ ഉള്ളത്‌.സർക്കാർ സ്കൂളുകളിൽ 39,141 കുട്ടികളും എയ്ഡഡ് സ്കൂളുകളിൽ 25,950 കുട്ടികളും പഠിക്കുന്നു.