കുളത്തൂർ: ഭരണകൂടങ്ങൾ അസാദ്ധ്യമെന്ന് കരുതിയ വികസന പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. നവീകരിച്ച അരശുംമൂട് - തമ്പുരാൻമുക്ക് റോഡിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. മലയാളിയുടെ സ്വപ്നമായ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള 45 മീറ്റർ വീതിയിലെ ദേശീയപാത റോഡ് നിർമ്മാണത്തിൽ 444 കിലോമീറ്റർ നീളത്തിലുള്ള നിർമ്മാണ പ്രവൃത്തികൾ പൂർത്തിയായി. സംസ്ഥാനത്തെ 60 ശതമാനം റോഡുകളും ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണവും 149 പാലങ്ങളുടെ നിർമ്മാണവും പൂർത്തിയായി. ദേശീയപാതാ വികസനം മണ്ഡലത്തിന്റെ മുഖച്ഛായ മാറ്റി. ശ്രീകാര്യത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി ഫ്ളൈ ഓവർ നിർമ്മാണം നടക്കുകയാണ്. കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി പേട്ട- ആനയറ റോഡ് നവീകരണം, പ്രാദേശിക റോഡുകളുടെ നിർമ്മാണം തുടങ്ങി നിരവധി വികസന പ്രവർത്തനങ്ങളാണ് മണ്ഡലത്തിൽ നടപ്പാക്കിവരുന്നതെന്ന് മന്ത്രി പറഞ്ഞു.അരശുംമൂട്-തമ്പുരാൻമുക്ക് റോഡ് 3 കോടി 60 ലക്ഷം രൂപ ചെലവിലാണ് നവീകരിച്ചത്. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൗൺസിലർമാരായ മേടയിൽവിക്രമൻ, ഡി.രമേശൻ,ബി.നാജ,എ.ശ്രീദേവി,പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനിയർ പി.എസ്.രാജ മോഹനൻ തമ്പി,സംഘാടക സമിതി കൺവീനർ ആർ.രാജേഷ്,എസ്.വിനിൽകുമാർ,എസ്.ശിവദത്ത്,സതീശൻ,മൺവിള രാധാകൃഷ്ണൻ,കെ.ലാൽകുമാർ,ടി.അനിൽകുമാർ,രവീന്ദ്രൻ നായർ,പുല്ലുകാട് മധു,എൻ.ലൈജു,വി.സുരേഷ് കുമാർ,കെ.രവീന്ദ്രൻ നായർ,എസ്.ജയകുമാർ,എസ്.ആർ.സുനിൽരാജ് തുടങ്ങിയവർ പങ്കെടുത്തു.