rode-vaarththa-

കേരള കൗമുദി വാർത്ത തുണച്ചു

കുന്നത്തുകാൽ: കാരക്കോണത്തെ വെള്ളക്കെട്ടിന് പരിഹാരമായി. കൽവെർട്ട്‌ നിർമ്മാണത്തിന്റെ ഭാഗമായി പഴയ കരിങ്കല്ല്ഭിത്തി പൊളിച്ച് റോഡിന്റെ ഒരു വശത്ത് കൂട്ടിയിട്ടതും മറുഭാഗത്തെ വെള്ളക്കെട്ടും കാരണം കാരക്കോണം ജംഗ്ഷനിലെ ഗതാഗതം ദുസ്സഹമായിരുന്നു. റോഡിന്റെ പടിഞ്ഞാറുഭാഗത്തെ ഓടകൾ അടച്ച് ഭൂവുടമ മതിൽ കെട്ടിയതോടെ റോഡിലെ മഴവെള്ളത്തിന്റെ ഒഴുക്ക് നിലച്ചതിനാൽ ചെറുമഴയിൽപോലും കാരക്കോണം ജംഗ്ഷൻ വെള്ളത്തിലാകുന്നത് പതിവായിരുന്നു. കേരള കൗമുദിയിൽ ഇക്കഴിഞ്ഞ 26ന് പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്ന് അധികൃതർ റോഡിന്റെ ഇരുവശത്തും ഓടകൾ നിർമ്മിച്ച് വെള്ളക്കെട്ടിന് ശാശ്വത പരിഹാരമുണ്ടാക്കുകയായിരുന്നു.

എന്നാൽ വാർത്തയിൽ പ്രതിപാദിച്ച കൂനൻപന ജംഗ്ഷൻ മുതൽ കാരക്കോണം വരെയുള്ള കുണ്ടുംകുഴികളും നിറഞ്ഞ ദുരിതയാത്രയ്ക്ക് പരിഹാരമായിട്ടില്ല.

ഒന്നാംഘട്ട ടാറിംങ്

പൂർത്തിയായെങ്കിലും നടപടിയായില്ല

2വർഷം മുൻപ് അമരവിള കാരക്കോണം റോഡിന്റെ പുനഃരുദ്ധാരണം തുടങ്ങുന്നതിന് മുൻപ് റോഡാകെ കുണ്ടും കുഴികളുമായിരുന്നു. 9കിലോ മീ. നീളമുള്ള റോഡിന്റെ ഏകദേശം ഭാഗത്തും ഒന്നാം ഘട്ട ടാറിംങ് പൂർത്തിയായെങ്കിലും ഇവിടം ഇന്നും അനാഥമാണ്.

റോഡ് പുനരുദ്ധാരണ ഭാഗമായി കുന്നത്തുകാലിലെ പുറമ്പോക്ക് സ്ഥലം ഏറ്റെടുക്കലും മാസങ്ങളായി അനിശ്ചിതത്തിലാണ്. ചില ഭൂ ഉടമകളുമായുള്ള തർക്കങ്ങൾക്ക് പരിഹാരം കാണാൻ അധികൃതർ തയ്യാറാകാത്തതാണ് റോഡ് പണി ഇഴയാൻ കാരണം.

വേണം ബസ്‌ബേ

കുന്നത്തുകാൽ ജംഗ്ഷനിലെ സ്ഥലമെടുപ്പ് പൂർത്തിയാക്കി റോഡുനിർമ്മാണത്തോടൊപ്പം ബസ്‌ബേയും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ജംഗ്ഷനിലെ ഓടനിർമ്മാണവും ഉപേക്ഷിച്ചമട്ടാണ്. കുന്നത്തുകാൽ ഗുരുദേവക്ഷേത്രത്തിന്റെ മുന്നിലൂടെ ജംഗ്ഷനിലെ കാൽവെർട്ടിൽ എത്തേണ്ട ഓടനിർമ്മാണം 12 മീറ്റർ അകലത്തിൽ നിറുത്തിവച്ചിരിക്കുകയാണ്.

ചിത്രം;കാരക്കോണം ജംഗ്ഷനു സമീപം റോഡിന്റെ ഇരുവശത്തും ഓടകൾ സ്ഥാപിച്ചപ്പോൾ