s

തിരുവനന്തപുരം: മൂന്നരക്കോടിയോളം രൂപ നിക്ഷേപത്തട്ടിപ്പിലൂടെ അപഹരിച്ച സംഘത്തിലെ ഒരാളെ തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് പിടികൂടി. അപഹരിച്ച തുകയിലെ ഒരുകോടി ഇരുപതുലക്ഷം രൂപ ഇയാളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് വീണ്ടെടുത്തു. ഉള്ളൂർ സ്വദേശിയായ ഡോക്ടറിൽ നിന്ന് അമിതലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപത്തട്ടിപ്പിലൂടെ മൂന്നുകോടി 43 ലക്ഷത്തോളം തട്ടിയെടുത്ത സംഘത്തിലെ കണ്ണിയും ബംഗളൂരു സ്വദേശിയുമായ ധനുഷ് നാരായണസ്വാമി എന്നയാളാണ് പിടിയിലായത്. സെപ്തംബർ 29ന് ബംഗളൂരുവിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. തട്ടിയെടുത്ത പണം ക്രിപ്റ്റോ കറൻസിയാക്കി വിദേശത്തേക്ക് കടത്തുന്നതാണ് സംഘത്തിന്റെ രീതി. ഓൺലൈൻ നിക്ഷേപത്തിലേക്ക് ഇരയുടെ വിശ്വാസം നേടിയെടുത്ത് തട്ടിപ്പുകാർ പലപ്പോഴായി പണം വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റിയിരുന്നു. വഞ്ചിക്കപ്പെട്ടെന്ന് മനസിലായപ്പോൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. പണം കൈമാറിയ അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ബംഗളൂരുവിലെ ഒരു വ്യാജ കമ്പനിയുടെ അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിക്കപ്പെടുന്നതെന്ന് മനസിലായി. ഈ അക്കൗണ്ടിനെപ്പറ്റിയുള്ള കൂടുതൽ അന്വേഷണത്തിലാണ് പ്രതിയുടെ വിവരം ലഭിച്ചത്. സെപ്തംബർ 30ന് പ്രതിയെ കേരളത്തിലെത്തിച്ചു. തുടർന്ന് തിരുവനന്തപുരം എ.സി.ജെ.എം കോടതി റിമാൻഡ് ചെയ്തു. സിറ്റി പൊലീസ് കമ്മീഷണർ തോംസൺ ജോസിന്റെ നിർദ്ദേശത്തിൽ പൊലീസ് കമ്മീഷണർ ഫാറാഷ്.ടിയുടെ മേൽനോട്ടത്തിൽ സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ എ.സി പ്രകാശ് കെ.എസിന്റെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ ഷമീർ.എം.കെ,സബ് ഇൻസ്‌പെക്ടർ ഗിരീഷ്,സി.പി.ഒ അഭിജിത് എന്നിവരുടെ പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.