തിരുവനന്തപുരം: വൻ ലഹരിക്കടത്ത് സംഘം തിരുവനന്തപുരം റൂറൽ ഡാൻസാഫ് സംഘത്തിന്റെ പിടിയിലായി. പതിനഞ്ച് ലക്ഷത്തിലധികം വിലയുളള 308 ഗ്രാം എം.ഡി.എം.എയുമായി ഒരു സ്ത്രീയുൾപ്പെടെ നാലു പേരടങ്ങുന്ന സംഘമാണ് പിടിയിലായത്. കൊല്ലം ചടയമംഗലം ചരുവിള വീട്ടിൽ ഷമി(32),കണിയാപുരം ചിറ്റാറ്റുമുക്ക് ജന്മി മനസിലിൽ മുഹമ്മദ് കൽഫാൻ (24), ചിറ്റാറ്റ്മുക്ക് ചിറക്കൽ മണക്കാട്ട് വിളാകം വീട്ടിൽ ആഷിക്ക് (20),ചിറ്റാറ്റ്മുക്ക് മണക്കാട്ട് വിളാകം അൽ അമീൻ (23) എന്നിവരെയാണ് പൊഴിയൂർ ചെങ്കവിള വച്ച് ഡാൻസാഫ് സംഘവും പൊഴിയൂർ പൊലീസും പിടികൂടിയത്. ഷമിയുടെ ദേഹപരിശോധനയിൽ ആദ്യം 175 ഗ്രാം എം.ഡി.എം.എ പിടികൂടിയിരുന്നു. സംശയം തോന്നി വീണ്ടും നടത്തിയ പരിശോധനയിലാണ് 133ഗ്രാം എം.ഡി.എം.എ കൂടി കണ്ടെടുത്തത്. കുറച്ചുകാലമായി ഇവർ ഡാൻസാഫ് സംഘത്തിന്റ രഹസ്യനിരീക്ഷണത്തിലായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന കാറും പിടിച്ചെടുത്തു. ബംഗളൂരുവിൽ നിന്നുമാണ് ഇവർ എം.ഡി.എം.എ കടത്തിക്കൊണ്ടുവന്നത്. തിരുവനന്തപുരം,കൊല്ലം ജില്ലകളിൽ വ്യാപകമായി മയക്കുമരുന്ന് വ്യാപാരം നടത്തി വരുന്ന സംഘമാണിത്. കാർ വാടകയ്ക്ക് എടുത്ത് കുടുംബസമേതം വിനോദയാത്ര പോകുന്ന രീതിയിലാണ് ഇവർ ലഹരി ഉത്പന്നങ്ങൾ കേരളത്തിലെത്തിച്ചിരുന്നത്. വാഹനത്തിന്റെ മുൻവശത്തിരിക്കുന്ന സ്ത്രീയുടെ ശരീരത്തിൽ വസ്ത്രങ്ങൾക്കിടയിൽ ചെറുപൊതികളായി എം.ഡി.എം.എ സൂക്ഷിക്കും. കുടുംബസമേതമുള്ള യാത്രയെന്ന നിലയിൽ മറ്റ് സംസ്ഥാനങ്ങളിലെ പരിശോധനകളിൽ നിന്നും ഇവർ രക്ഷപ്പെട്ടിരുന്നു.
ബംഗളൂരുവിൽ നിന്ന് ലഹരി വാങ്ങി സംഘം യാത്രതിരിച്ചതായി ജില്ലാ പോലിസ് മേധാവി കെ.എസ്.സുദർശന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് സംസ്ഥാന അതിർത്തിയിലുടനീളം പൊലീസ് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു.നാർക്കോട്ടിക്ക് സെൽ ഡി.വൈ.എസ്.പി കെ.പ്രദീപ് നെയ്യാറ്റിൻകര,ഡി.വൈ.എസ്.പി എസ്.ചന്ദ്രദാസ്,പൊഴിയൂർ പൊലീസ് ഇൻസ്‌പെക്ടർ എസ്.പി.സുജിത്ത്,ഡാൻസാഫ് സബ് ഇൻസ്‌പെക്ടർമാരായ എഫ്.ഫയാസ്,രസൽ രാജ്,ബി.ദിലീപ്,പ്രേംകുമാർ,രാജീവൻ,അനീഷ്,അരുൺ,റിയാസ്,പത്മകുമാർ,സുനിൽരാജ്,ദിനോർ,സജിത,ആശ എന്നിവരടങ്ങിയ സംഘമാണ് നേതൃത്വം നൽകിയത്.