as

അതിർത്തി കടന്നുള്ള ഭീകരതയെ സഹായിക്കുന്നത് പാകിസ്ഥാൻ തുടർന്നാൽ ഭൂമുഖത്ത് ആ രാജ്യം ഉണ്ടാവില്ലെന്ന കടുത്ത മുന്നറിയിപ്പാണ് ഇന്ത്യയുടെ സംയുക്ത സേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി നൽകിയിരിക്കുന്നത്. ഓപ്പറേഷൻ സിന്ദൂർ 02-ന് ഇന്ത്യ പൂർണ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജസ്ഥാൻ അതിർത്തിയിലെ അനൂപ്‌ഗഢിൽ സൈനികരെ അഭിസംബോധന ചെയ്യുന്ന വേളയിൽ അദ്ദേഹം നൽകിയ ഈ മുന്നറിയിപ്പിന് അർത്ഥതലങ്ങൾ കൂടുതലാണെന്നു വേണം കരുതാൻ. 'നമ്മൾ പൂർണ സജ്ജമാണ്. സൈനികർ തയ്യാറായിരിക്കുക, ദൈവം ഇച്ഛിച്ചാൽ, ഉടൻ അവസരം വരും." സംയുക്‌ത സേനാ മേധാവിയുടെ ഈ വാക്കുകൾ വരാനിരിക്കുന്ന പല സംഭവങ്ങളുടെയും മുന്നോടിയായി കണക്കാക്കാവുന്നതാണ്. ഗുജറാത്ത് അതിർത്തിയിലെ നൂറ് കിലോമീറ്റർ നീളുന്ന ചതുപ്പ് പ്രദേശമായ സർക്രീക്കിൽ പാകിസ്ഥാൻ സൈന്യത്തിന്റെ കടന്നുകയറ്റ ശ്രമത്തിനെതിരെ കഴിഞ്ഞ ദിവസം ശക്തമായ മുന്നറിയിപ്പ് നൽകിയ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും ഏതാണ്ട് ഇതേ രീതിയിലാണ് പ്രതികരിച്ചത്.

ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാന്റെ എഫ് - 16 യുദ്ധവിമാനങ്ങൾ ഉൾപ്പെടെ 12 സൈനിക വിമാനങ്ങൾ തകർത്തെന്ന് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി. സിംഗ് ന്യൂഡൽഹിയിൽ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തുകയും ചെയ്തു. ഇന്ത്യയുടെ നഷ്ടങ്ങളെക്കുറിച്ചുള്ള പാകിസ്ഥാന്റെ അവകാശവാദങ്ങൾ സാങ്കല്പിക കഥകളാണ്. ചൈനീസ് നിർമ്മിതമായ ജെ.എഫ് 17 വിഭാഗത്തിൽപ്പെട്ട അഞ്ചു വിമാനങ്ങളും തകർന്നവയിൽ ഉൾപ്പെടുന്നു. ഇതിനൊക്കെ വ്യക്തമായ തെളിവുണ്ടെന്നും എയർ ചീഫ് മാർഷൽ പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ പാകിസ്ഥാനിലെ ഭീകരസംഘങ്ങൾ ഖൈബർ പഖ്‌തൂൺ മേഖലയിലേക്ക് കേന്ദ്രങ്ങൾ മാറ്റിയെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനായി ജയ്‌ഷെ മുഹമ്മദ് സംഘടനയുടെ തലവനും ആഗോള ഭീകര നേതാവുമായ മസൂദ് അസ്‌ഹറിന് പാക് സർക്കാർ ധനസഹായം നൽകുകയാണെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് നേരത്തേ വെളിപ്പെടുത്തിയിരുന്നു. 14 കോടി രൂപയാണ് മസൂദിന് ആദ്യഘട്ടമെന്ന നിലയിൽ പാകിസ്ഥാൻ നൽകിയത്.

രാജ്യാന്തര നാണയ നിധിയിൽ നിന്നു ലഭിച്ച സഹായമാണ് പാകിസ്ഥാൻ വകമാറ്റി ഭീകര താവളങ്ങൾ നിർമ്മിക്കുന്നവർക്ക് നൽകുന്നത്. പാകിസ്ഥാനുള്ള ഐ.എം.എഫ് സഹായം ഭീകരതയ്ക്കുള്ള പരോക്ഷ ധനസഹായമായി മാറുകയാണ്. പാകിസ്ഥാന് 2.3 ബില്യൺ ഡോളർ പുതിയ വായ്‌പകൾ നൽകാനുള്ള ഐ.എം.എഫിന്റെ നിർദ്ദേശത്തെ എതിർക്കുന്നതിന്റെ ഭാഗമായി വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നെങ്കിലും പാകിസ്ഥാന് പണം അനുവദിക്കുകയാണ് ഐ.എം.എഫ് ചെയ്തത്. പുതിയ ഭീകര താവളങ്ങൾ പാകിസ്ഥാനിൽ ഉയരുന്നതിനെ സംബന്ധിച്ച ചോദ്യം വാർത്താലേഖകരിൽ നിന്ന് ഉണ്ടായപ്പോൾ ശത്രു എവിടെപ്പോയി ഒളിച്ചാലും അവിടെ ആക്രമണം നടത്താനുള്ള കരുത്ത് വ്യോമസേനയ്ക്ക് ഉണ്ടെന്നായിരുന്നു എയർ ചീഫ് മാർഷൽ എ.പി. സിംഗിന്റെ മറുപടി.

ഇന്ത്യയുമായി ലയിക്കുന്നതിനായി പാക് അധീന കാശ്‌മീരിൽ മുദ്ര‌‌ാവാക്യങ്ങൾ ഉയരുകയാണ്. പ്രത്യേകിച്ച് സൈനിക നടപടികളൊന്നും കൂടാതെ തന്നെ പി.ഒ.കെ ഇന്ത്യയുടെ ഭാഗമാകുമെന്നാണ് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അഭിപ്രായപ്പെട്ടത്. പാക് അധീന കാശ്‌മീരിലെ പ്രധാന നഗരമായ റാവൽക്കോട്ടിൽ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യ‌ം ആവശ്യപ്പെട്ട് ആയിരങ്ങളാണ് തെരുവിൽ പ്രകടനങ്ങൾ നടത്തുന്നത്. വർഷങ്ങളായി അനുഭവിക്കുന്ന അവഗണന, രൂക്ഷമായ തൊഴിലില്ലായ്മ, അടിസ്ഥാന സൗകര്യങ്ങളില്ലായ്‌മ തുടങ്ങിയവയിൽ നിന്നാണ് അവിടത്തെ പ്രക്ഷോഭങ്ങൾ ഉടലെടുക്കുന്നത്. പാക് അധീന കാശ്‌മീർ നഷ്ടപ്പെട്ടാൽ ഭീകരരെ ഇന്ത്യയിലേക്ക് കടത്തിവിടുക പാകിസ്ഥാന് എളുപ്പമല്ലാതാകും. മാത്രമല്ല, കാശ്‌മീർ പാകിസ്ഥാന്റെ ഭാഗമാണെന്ന അവകാശവാദം തന്നെ അതോടെ അസ്‌തമിക്കും. ഇതിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാൻ പാകിസ്ഥാൻ പല നീക്കങ്ങളും ഇന്ത്യയ്ക്കെതിരെ നടത്തിയേക്കാം. ഇത് മുന്നിൽക്കണ്ടാവും സംയുക്ത സേനാ മേധാവി പാകിസ്ഥാന് കടുത്ത മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.