തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് പുതിയ ദേശീയ പാതകൾ കൂടി വികസിപ്പിക്കുന്നതിന് പദ്ധതി രേഖ തയ്യാറാക്കാനുള്ള നടപടിക്രമങ്ങൾ ദേശീയപാത അതോറിട്ടി ആരംഭിച്ചു.
കോഴിക്കോട് എയർപോർട്ട് റോഡ്, കണ്ണൂർ വിമാനത്താവള റോഡ് ( ചൊവ്വ മട്ടന്നൂർ ) , കൊടുങ്ങല്ലൂർ അങ്കമാലി , വൈപ്പിൻ മത്സ്യഫെഡ് ടൂറിസ്റ്റ് ഓഫീസ് റോഡ് എന്നിവ ദേശീയപാതാ നിലവാരത്തിലേക്ക് ഉയർത്തും. അതോടൊപ്പം കൊച്ചി -മധുര ദേശീയ
പാതയിൽ കോതമംഗലം, മൂവാറ്റുപുഴ ബൈപാസ് നിർമ്മാണത്തിനുള്ള പദ്ധതി രേഖയും തയാറാക്കുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയെ സന്ദർശിച്ച ഘട്ടത്തിൽ കൂടുതൽ പാതകൾ ദേശീയപാത നിലവാരത്തിലേക്ക് ഉയർത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതിനുള്ള വിശദമായ നിർദ്ദേശവും സമർപ്പിച്ചിരുന്നു. 12 കിലോമീറ്റർ വരുന്ന രാമനാട്ടുകര- കോഴിക്കോട് എയർപോർട്ട് റോഡും ,20 കിലോമീറ്റർ വരുന്ന കൊടുങ്ങല്ലൂർ -അങ്കമാലി
( വെസ്റ്റേൺ എറണാകുളം ബൈപ്പാസ് ) റോഡും നാലു വരി പാതയാക്കി ഉയർത്തും.
30 കിലോമീറ്റർ വരുന്ന കണ്ണൂർ എയർപോർട്ട് റോഡും 13 കിലോ മീറ്റർ വരുന്ന വൈപ്പിൻ മത്സ്യഫെഡ് റോഡും . കോതമംഗലം, മൂവാറ്റുപുഴ ബൈപാസുകളും 2 ലൈൻ പേവ്ഡ് ഷോൾഡറായി വികസിപ്പിക്കും.