തിരുവനന്തപുരം/കൊച്ചി: തിരുവോണം ബമ്പറിന്റെ 25 കോടി ഒന്നാം സമ്മാനം എറണാകുളം നെട്ടൂരിൽ വിറ്റ ടിക്കറ്റിന്. നമ്പർ TH 577825. പക്ഷേ, മഹാഭഗ്യവാൻ ആരെന്ന സസ്പെൻസ് തുടരുന്നു. എറണാകുളം നെട്ടൂരിലെ ലതീഷിൽ നിന്നാണ് ടിക്കറ്റ് വാങ്ങിയത്.
ഇന്നലെ ഉച്ചയ്ക്ക് 1.20ന് ധനമന്ത്രി കെ.എൻ.ബാലഗോപാലാണ് നറുക്കെടുത്തത്. ആറ്റിങ്ങൽ ഭഗവതി ഏജൻസിയുടെ പാലക്കാട്ടെ കേന്ദ്രത്തിൽ നിന്നാണ് ലതീഷ് 800 ടിക്കറ്റ് വാങ്ങി വിറ്റത്. കഴിഞ്ഞവർഷം ഓണം ബമ്പർ ഒന്നാം സമ്മാനം കർണാടകയിലേക്കും 2023ൽ തമിഴ്നാട്ടിലേക്കും പോയിരുന്നു.
ഒന്നാം സമ്മാനമായി കിട്ടുന്നത് 15.75 കോടി രൂപയാണ്. 25 കോടിയിൽ 2.5 കോടി ഏജൻസി കമ്മിഷനാണ്. കേന്ദ്രസർക്കാരിന് 6.75 കോടി ആദായനികുതി നൽകണം. ടിക്കറ്റൊന്നിന് 56 രൂപ വച്ച് കേന്ദ്രത്തിനും കേരളത്തിനും ജി.എസ്.ടി കിട്ടും. ഇത്തവണ 75 ലക്ഷം ടിക്കറ്റാണ് വിറ്റത്. 40.32 കോടി വീതമാവും ജി.എസ്.ടി കിട്ടുക. മറ്റ് സമ്മാനങ്ങൾക്കുള്ള നികുതിയായി 15 കോടിയും കിട്ടും.
രണ്ടരക്കോടി ത്രില്ലിൽ ലതീഷ്
''രണ്ടരക്കോടി കമ്മിഷൻ സ്വപ്‌നം കാണാൻ പറ്റാത്ത തുകയാണ്. 60 ലക്ഷത്തിലേറെ കടമുണ്ട്. അത് വീട്ടണം. സ്വസ്ഥമായി ജീവിക്കണം."" ബമ്പടിച്ച ടിക്കറ്റ് വിറ്റ ലതീഷ് പറഞ്ഞു.
ഭഗവതി ഏജൻസീസിൽ നിന്ന് 800, എറണാകുളത്തെ ലോട്ടറി ഓഫീസിൽ നിന്ന് 300 ടിക്കറ്റ് വീതം ലതീഷ് എടുത്തിരുന്നു. എല്ലാം വിറ്റുപോയി. നെട്ടൂർ ഐ.എൻ.ടി.യു.സി ജംഗ്ഷനിലെ പലചരക്കു കടയോടനുബന്ധിച്ച് ഒരു വർഷം മുമ്പാണ് ലോട്ടറി കച്ചവടം തുടങ്ങിയത്. ജൂലായ് മൂന്നിന് ഒരു കോടി ഒന്നാം സമ്മാനവും ഇവിടെ വിറ്റ ടിക്കറ്റിനായിരുന്നു.
കുമ്പളം ലക്ഷ്മീനാരായണ ക്ഷേത്രത്തിനു സമീപമാണ് ലതീഷും കുടുംബവും താമസിക്കുന്നത്. ഭാര്യ: രാധിക. മൂത്തമകൻ അശ്വിൻ യു.കെയിൽ വിദ്യാർത്ഥി. രണ്ടാമൻ ആശിഷ് ഹയർ സെക്കൻഡറി കഴിഞ്ഞു.
ഭാഗ്യം കൊണ്ടുവരും ഭഗവതി
ഓണം ബമ്പറുകളുടെ ഭാഗ്യ നാമമായി ആറ്റിങ്ങൽ ഭഗവതി ലോട്ടറീസ് മാറി. ഇതു രണ്ടാം തവണയാണ് ഭഗവതി വിറ്റ ടിക്കറ്റിന് ഓണം ബമ്പർ. 2022ൽ ഭഗവതിയുടെ തിരുവനന്തപുരം പഴവങ്ങാടിയിലെ കേന്ദ്രത്തിൽ വിറ്റ ടിക്കറ്റിനായിരുന്നു 25 കോടി.
ആറ്റിങ്ങൽ സ്വദേശി തങ്കരാജ് 25 വർഷം മുമ്പാണ് ഏജൻസി എടുത്തത്. ഇപ്പോൾ കേരളത്തിൽ അങ്ങോളമിങ്ങോളം ഔട്ട്‌ലെറ്റുകളുണ്ട്. ബമ്പർ, പ്രതിദിന നറുക്കെടുപ്പിൽ ഇതിനകം 250 തവണ ഭഗവതി വിറ്റ ടിക്കറ്റ് ഒന്നാം സമ്മാനം നേടിയെന്ന് തങ്കരാജ് പറഞ്ഞു.