തിരുവനന്തപുരം : മാതാ അമൃതാനന്ദമയിദേവിയുടെ പിറന്നാൾ ആഘോഷവും അമൃത സ്വാശ്രയ സംഘത്തിന്റെ ഓണാഘോഷവും ശാർക്കര മൈതാനത്ത് പ്രൗഢഗംഭീരമായി നടന്നു. ചിറയിൻകീഴ് അമൃത സ്വാശ്രയ സംഘത്തിലെ കുടുംബാംഗങ്ങളുടെ ഓണാഘോഷം വി.ശശി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആശ്രമം പ്രസിഡന്റ് സി.വിഷ്ണു ഭക്തൻ അദ്ധ്യക്ഷതയും അമ്മയുടെ പിറന്നാളിനോടനുബന്ധിച്ചുള്ള വസ്ത്ര വിതരണവും നിർവഹിച്ചു. മാതാ അമൃതാനന്ദമയിദേവി 14 വർഷമായി സ്വാശ്രയ സമൂഹത്തിലെ നിർദ്ധനർക്ക് നൽകിവരുന്ന വിദ്യാഭ്യാസ സഹായ വിതരണവും കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിൽ നൽകിവരുന്ന ചികിത്സാസഹായവും ഈ വർഷവും തുടരുമെന്ന് സി.വിഷ്ണു ഭക്തൻ അറിയിച്ചു. ഓണാഘോഷ പരിപാടിയോടനുബന്ധിച്ച് ശാർക്കര മൈതാനത്ത് 101 വനിതകളുടെ തിരുവാതിരക്കളി, കൈകൊട്ടികളി, കൃഷ്ണനും രാധയും തോഴിമാരും ചേർന്നുള്ള ഉറിയടി, വനിതകളുടെ വടംവലി മത്സരം, പലവിധത്തിലുള്ള കായിക മത്സരങ്ങൾ എന്നിവ അരങ്ങേറി. വിജയികൾക്ക് ആശ്രമം പ്രസിഡന്റ് സി.വിഷ്ണുഭക്തനും വി.ശശി എം.എൽ.എയും ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ ബി.ജെ.പി ദക്ഷിണ മേഖല ഉപാദ്ധ്യക്ഷൻ തോട്ടയ്ക്കാട് ശശി, ജോയ്, രാജൻ ഫെഡറൽ ബാങ്ക്, ശിവദാസൻ, സുരേഷ്, എക്സിക്യൂട്ടീവ് അംഗങ്ങളായ അജി, പ്രീത, പ്രസീത, ഷീജ, മീര, സിന്ധു, സുമ, ലക്ഷ്മി, അജിത എന്നിവരും 6000-ത്തോളം വരുന്ന സംഘാംഗങ്ങളും പങ്കെടുത്തു.