തിരുവനന്തപുരം: ശബരിമലയിൽനിന്ന് ദേവസ്വം ബോർഡ് സ്വർണം പൂശാൻ തന്നുവിട്ടത് ചെമ്പുപാളികൾ മാത്രമെന്ന് ഉണ്ണികൃഷ്ണൻ പോറ്റി. ദേവസ്വം മഹസറിൽ അതു രേഖപ്പെടുത്തിയിട്ടുണ്ട്.രേഖകൾ ഹൈക്കോടതിയിൽ സമർപ്പിക്കുമെന്നും മാദ്ധ്യമങ്ങളോടു പറഞ്ഞു.
``ഞാൻ അവിടെനിന്ന് എടുത്തുകൊണ്ടു പോയതല്ല. ദേവസ്വം തന്നുവിട്ടതാണ്. ദേവസ്വവുമായി ബന്ധപ്പെട്ട നിയമവശങ്ങൾ അറിയില്ല. വീഴ്ച പറ്റിയെങ്കിൽ അന്വേഷിക്കണം.
എനിക്ക് 2019ൽ നൽകിയ കത്തിൽ ചെമ്പ് പാളികൾ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതിൽ സ്വർണമുണ്ടായിരുന്നുവെന്ന് എനിക്ക് അവരോടു പറയാൻ കഴിയുമോ. അക്കാര്യം അറിയുന്നതും ഇപ്പോഴാണ്. പാളികൾ നൽകുമ്പോൾ ദേവസ്വം വിജിലൻസിന്റെ സാന്നിധ്യമുണ്ടായിരുന്നോ എന്ന് അധികൃതരോടു ചോദിക്കണം.
പൂശിയിരുന്ന സ്വർണം നഷ്ടപ്പെട്ടതുകൊണ്ടോ കാലഹരണപ്പെട്ടതു കൊണ്ടോ ആകാം ദേവസ്വം ആ തീരുമാനമെടുത്തത്. അതൊന്നും എനിക്കു പറയാൻ പറ്റുന്ന കാര്യങ്ങൾ അല്ല. ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടില്ല. ആവശ്യപ്പെട്ടാൽ ഹാജരാകും.
അറ്റകുറ്റപ്പണിക്കു നൽകാൻ കുറച്ചു കാലതാമസം വന്നു. ബംഗളൂരുവിലാണു താമസിക്കുന്നത്. കമ്പനി ചെന്നൈയിലാണ്. അവിടേക്ക് എത്തിക്കാനുള്ള കാലതാമസമാണ് ഉണ്ടായത്. 39 ദിവസമൊന്നുമില്ല. ഒരാഴ്ച മാത്രമേ എടുത്തുള്ളു. അതിന്റെ രേഖകൾ നൽകിയിട്ടുണ്ട്.
പണപ്പിരിവ് നടത്തിയിട്ടുണ്ടെങ്കിൽ നടപടി എടുക്കട്ടെ.ബോർഡിന്റെ അനുവാദം വാങ്ങിയാണ് കാര്യങ്ങൾ ചെയ്യാറുള്ളത്. ശബരിമലയിൽ സ്ഥിരമായി എത്തുന്നവരോട് എന്തെങ്കിലും സമർപ്പണത്തിന് സൗകര്യമുണ്ടോ എന്ന് ഉദ്യോഗസ്ഥർ ചോദിക്കും. ഉണ്ടെങ്കിൽ ഇ മെയിൽ വഴി അറിയിക്കും.
ദ്വാരപാലക ശിൽപത്തിന്റെ പീഠം കാണാനില്ലെന്നു പരാതിപ്പെട്ടിട്ടില്ല. കൂടുതലായി കൊടുത്ത പീഠം കൂടി കൊണ്ടുവന്നാൽ വീണ്ടും സ്വർണം പൂശാം എന്ന് ദേവസ്വം ബോർഡിന് വാസുദേവൻ മെയിൽ അയച്ചിരുന്നു. ബോർഡ് മറുപടി നൽകിയില്ല. മുഖ്യമന്ത്രിയുടെ ഒപ്പം നിൽക്കുന്ന ചിത്രം കാണിച്ചാൽ ആരെങ്കിലും പണം നൽകുമെന്ന് കരുതാനാകുമോ. ആരെങ്കിലും പരാതിപ്പെട്ടിട്ടുണ്ടെങ്കിൽ അംഗീകരിക്കാം'' – ഉണ്ണികൃഷ്ണൻ പറഞ്ഞു.
ജയറാമിന്റെ വീട്ടിൽ
കയറിയത് വിശ്രമിക്കാൻ
ശ്രീകോവിലിനു പുതിയ വാതിൽ നിർമ്മിക്കാൻ ദേവസ്വം ബോർഡാണ് ആവശ്യപ്പെട്ടത്. അഞ്ച് സുഹൃത്തുക്കൾ ചേർന്നാണ് ജോലി ഏറ്റെടുത്തത്. ബംഗളൂരു സ്വദേശിയായ ഗോവർധൻ ചെലവ് വഹിക്കാമെന്ന് സമ്മതിക്കുകയായിരുന്നു. മറ്റാരുടെയും പണമോ സ്വർണയോ ഉപയോഗിച്ചിട്ടില്ല.
നിർമ്മിച്ചശേഷം ചെന്നൈയിൽ പൂജ നടത്തി. പോകുംവഴി വിശ്രമിക്കാനാണ് നടൻ ജയറാമിന്റെ വീട്ടിൽ കയറിയത്. പണം വാങ്ങിയിട്ടുണ്ടെങ്കിൽ അദ്ദേഹം പറയട്ടെ. വാതിൽ സമർപ്പിക്കുന്നതിനു മുൻപ് കുറച്ചു ഭക്തർക്കു കാണാൻ അവസരം ഒരുക്കി. അത് സമർപ്പിക്കുമ്പോൾ മാത്രമാണ് ദേവന്റേതാകുന്നത്. ബംഗളുരൂവിലും ഇളമ്പള്ളി ക്ഷേത്രത്തിലും കൊണ്ടുപോയിരുന്നു. ആരിൽനിന്നും പണം വാങ്ങിയിട്ടില്ല.