തിരുവനന്തപുരം: സർക്കാരിന്റെ അവസാന മാസങ്ങളിൽ കോഴക്കളിക്ക് കളമൊരുക്കി വകുപ്പുകളിലെ അഴിമതിക്കാർ. ബില്ലുകൾ മാറുന്നതിലും പദ്ധതി നടത്തിപ്പിലുമടക്കം അഴിമതി വ്യാപകം. തിരഞ്ഞെടുപ്പിന് മുന്നോടിയായി സർക്കാരിന്റെ ശ്രദ്ധ വികസന, ക്ഷേമ പ്രവർത്തനങ്ങളിലേക്ക് തിരിയുന്നതിന്റെ മറ പിടിച്ചാണ് വിളയാട്ടം. ഇതിന് തടയിടാൻ എല്ലാ വകുപ്പുകളിലും പ്രത്യേക ഓപ്പറേഷന് വിജിലൻസ് മേധാവി മനോജ്എബ്രഹാം നിർദ്ദേശിച്ചു.
അടുത്തിടെ വനം,മോട്ടോർ വാഹന,രജിസ്ട്രേഷൻ,തദ്ദേശ വകുപ്പുകളിൽ വൻ അഴിമതികളാണ് വിജിലൻസ് പിടി കൂടിയത്. സബ് രജിസ്ട്രാർ ഓഫീസുകളിൽ ഓപ്പറേഷൻ 'സെക്വർ ലാൻഡ്' എന്ന റെയ്ഡുകളിൽ ഏജന്റുമാരിൽ നിന്ന് ഗൂഗിൾപേ വഴി ഉദ്യോഗസ്ഥർ ലക്ഷങ്ങൾ കൈക്കൂലി വാങ്ങുന്നത് കണ്ടെത്തി. വിൽപ്പന വില കുറച്ചുകാട്ടി ആധാരം രജിസ്റ്റർ ചെയ്യുന്നതാണ് പ്രധാന വഴി. മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർ ഡ്രൈവിംഗ്സ്കൂളുകാരിൽ നിന്ന് കൈക്കൂലിക്ക് പുറമെ സ്വർണവും വാങ്ങുന്നതായി കണ്ടെത്തി. ഓപ്പറേഷൻ 'ക്ലീൻവീൽസ് ' റെയ്ഡുകളിൽ 21ഉദ്യോഗസ്ഥർ ഗൂഗിൾ പേയിലൂടെ 7.85ലക്ഷം രൂപ കോഴ വാങ്ങിയതിന്റെ തെളിവുകൾ കണ്ടെടുത്തു. എറണാകുളത്തെ എസ്.ആർ.ടി.ഒയിൽ വിരമിക്കുന്നവർക്ക് ഉപഹാരം നൽകാനാണ് ഡ്രൈവിംഗ് സ്കൂളുടമകളിൽ നിന്ന് 4 സ്വർണമോതിരം വാങ്ങിയത്. അഴിമതിക്കാരായ 112 ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സർക്കാരിന് ശുപാർശ നൽകിയിരിക്കുകയാണ് വിജിലൻസ്.
വനം വകുപ്പിൽ 'ഓപ്പറേഷൻ വനരക്ഷ' റെയ്ഡുകളിൽ ഫയർലൈൻ, റോഡ് നിർമ്മാണത്തിൽ കോടികളുടെ കൈക്കൂലിയിടപാട് കണ്ടെത്തി. 100 കിലോമീറ്റർ ഫയർലൈനുണ്ടാക്കാനുള്ള പദ്ധതിയിൽ അഞ്ച് കിലോമീറ്ററിൽ ഫയർലൈനുണ്ടാക്കിയ ശേഷം പണം അടിച്ചെടുക്കും.ഒരു റേഞ്ച്ഓഫീസറുടെയും ബന്ധുക്കളുടെയും അക്കൗണ്ടുകളിലേക്കെത്തിയത് 72.8 ലക്ഷം . നിരവധി ഉദ്യോഗസ്ഥർക്ക് ലക്ഷങ്ങൾ നൽകി. വിജിലൻസ്ശുപാർശ നൽകും മുൻപേ 2റേഞ്ച് ഓഫീസർമാരെ വനം വകുപ്പ് സസ്പെൻഡ് ചെയ്തു. പൊതുമേഖലാ സ്ഥാപനങ്ങളിലെ കരാറുകളിൽ വിജിലൻസിന്റെ സൂക്ഷ്മ പരിശോധന ഇനിയുണ്ടാവും.
മുന്നിൽ റവന്യൂ
ഇക്കൊല്ലം നടത്തിയ 29സ്പോട്ട്ട്രാപ്പുകളിൽ 40കൈക്കൂലിക്കാരാണ് അറസ്റ്റിലായത്. റവന്യൂ-16, തദ്ദേശം-5, പൊലീസ്-4, വനം-2, ജലഅതോറിട്ടി, മോട്ടോർവാഹനം, രജിസ്ട്രേഷൻ- ഒന്നു വീതം, ഇന്ത്യൻഓയിൽ കോർപറേഷൻ-1 ഉദ്യോഗസ്ഥരാണ്. പൊതുമേഖലാ ബാങ്കിലെ ഓഡിറ്ററും 4ഏജന്റുമാരും സർക്കാരുദ്യോഗസ്ഥനെന്ന വ്യാജേന കൈക്കൂലിവാങ്ങിയ 4പേരും അറസ്റ്റിലായി.
''എല്ലാ വകുപ്പുകളിലും വിജിലൻസിന്റെ മിന്നൽ റെയ്ഡുകളും സ്പെഷ്യൽ ഓപ്പറേഷനുകളുമുണ്ടാവും''
-മനോജ്എബ്രഹാം,വിജിലൻസ് മേധാവി