d

തിരുവനന്തപുരം: 12 കോടി രൂപ സമ്മാനത്തുകയുള്ള പൂജാബമ്പർ ലോട്ടറി മന്ത്രി കെ.എൻ.ബാലഗോപാൽ പ്രകാശനം ചെയ്തു. 300 രൂപയാണ് ടിക്കറ്റ് വില. നവംബർ 22നാണ് നറുക്കെടുപ്പ്. രണ്ടാം സമ്മാനം ഓരോ പരമ്പരയ്ക്കും ഒരു കോടി രൂപ വീതം. മൂന്നാം സമ്മാനമായി 5 ലക്ഷം വീതം 10 പേർക്ക് (ഓരോ പരമ്പരയിലും രണ്ടു വീതം). നാലാം സമ്മാനമായി 5 പരമ്പരകൾക്കും മൂന്നു ലക്ഷം വീതവും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 5 പരമ്പരകൾക്കും നൽകും. 5000, 1000, 500, 300 വീതം രൂപയുടെ ഉൾപ്പെടെ ആകെ 3,​32,​130 സമ്മാനങ്ങളാണ് നൽകുന്നത്.

ഗോർഖിഭവനിൽ നടന്ന ചടങ്ങിൽ ആന്റണി രാജു എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ ഡോ. മിഥുൻ പ്രേംരാജ്, ജോയിന്റ് ഡയറക്ടറായ മായ എൻ.പിള്ള, രാജ്കപൂർ എന്നിവർ സന്നിഹിതരായിരുന്നു.

ലോട്ടറി സൃഷ്ടിക്കുന്നത് ഗുണകരമായ
മാറ്റങ്ങൾ: മന്ത്രി ബാലഗോപാൽ

ക്ളൗഡ് ഫണ്ടിംഗ് പോലെ സംസ്ഥാനത്തെ സാമ്പത്തികരംഗത്ത് ഗുണകരമായ മാറ്റങ്ങളുണ്ടാക്കുന്നതാണ് ലോട്ടറിയെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. ജി.എസ്.ടി.നിരക്ക് വർദ്ധിച്ചതോടെ സംസ്ഥാനത്ത് ലോട്ടറി മേഖലയിൽ ആശങ്കയുണ്ടായി. തിരുവോണം ബമ്പറിന് ഇത് ബാധകമല്ലായിരുന്നു. എന്നാൽ,​ പൂജാബമ്പർ മുതൽ അതുണ്ടാകും. നികുതിവർദ്ധിച്ചെങ്കിലും വില കൂട്ടാതെയാണ് ലോട്ടറി വിൽക്കുന്നത്. കമ്മിഷനിലും സമ്മാനഘടനയിലും മാറ്റങ്ങളുണ്ട്. ഏജന്റുമാർക്ക് കൂടുതൽ ആനുകൂല്യങ്ങളും ഓഫീസുകൾ ഭിന്നശേഷി സൗഹൃദമാക്കുന്നതും പരിഗണനയിലുണ്ടെന്ന് മന്ത്രി പറഞ്ഞു.