രണ്ടാം യൂണിറ്റ് സജ്ജം
ഡയാലിസിസ് രോഗികൾക്ക് ധനസഹായവും
നെടുമങ്ങാട്:സാന്ത്വന ചികിത്സയിൽ പുതിയ ചുവടുവയ്പുമായി നെടുമങ്ങാട് നഗരസഭ. ജില്ലാ - ആയുർവേദ ആശുപത്രികൾ സഹകരിച്ച് നടപ്പാക്കി വരുന്ന പാലിയേറ്റീവ്കെയർ പദ്ധതിയിൽ രണ്ടാം യൂണിറ്റിന്റെ പ്രവർത്തനവും ഡയാലിസിസ് രോഗികൾക്കുള്ള ധനസഹായ വിതരണവും ആരംഭിച്ചു. നിലവിലുള്ള പാലിയേറ്റീവ്കെയർ യൂണിറ്റിന് പുറമെയാണിത്. മാരക രോഗങ്ങൾക്ക് മരുന്ന് വാങ്ങാനും മാസം തോറുമുള്ള ഡയാലിസിസിനും നാലായിരം രൂപ വീതം ലഭിക്കും. 39വാർഡുകളിലായി 595രോഗികളാണ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 495പേർക്ക് ജില്ലാ ആശുപത്രിയിലും വീടുകളിലുമായി ചികിത്സയും മരുന്നും ലഭ്യമാക്കി. രണ്ടാം യൂണിറ്റ് സജ്ജമായതോടെ കിടപ്പുരോഗികൾക്കുള്ള ചികിത്സ കൂടുതൽ മെച്ചപ്പെടുത്തുമെന്ന് നഗരസഭ ചെയർപേഴ്‌സൺ സി.എസ്.ശ്രീജയും ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എസ്.അജിതയും പറഞ്ഞു. പുതിയ യൂണിറ്റ് ഉദ്‌ഘാടനവും ധനസഹായ വിതരണവും മന്ത്രി ജി.ആർ.അനിൽ നിർവഹിച്ചു. സി.എസ്.ശ്രീജയുടെ അദ്ധ്യക്ഷതയിൽ എസ്.അജിത സ്വാഗതം പറഞ്ഞു.പി.ഹരികേശൻ നായർ,ബി.സതീശൻ,എസ്.സിന്ധു, പി.വസന്തകുമാരി,സിന്ധുകൃഷ്ണകുമാർ,ഷീജ,ബിനു,ശ്രീലത,ശ്യാമള,സുമയ്യാ മനോജ്,ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.രേഖ,ക്യാൻസർ കെയർ വിദഗ്ദ്ധൻ ഡോ.അൻസാർ,ആശാ-ആരോഗ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. മുനിസിപ്പൽ സെക്രട്ടറി ആർ.കുമാർ നന്ദി പറഞ്ഞു.