ആറ്റിങ്ങൽ: വലിയകുന്ന് താലൂക്കാശുപത്രിയിലെ ട്രോമാ കെയർ യൂണിറ്റും പുതിയ അത്യാഹിത വിഭാഗവും ഏകോപനമില്ലാതെ ആരോഗ്യ മന്ത്രിയുടെ പ്രഖ്യാപനത്തിലൊതുങ്ങി. ഒരു വർഷം മുമ്പ് നവീകരിച്ച ഒ.പി വിഭാഗം ഉദ്ഘാടനം ചെയ്ത ആരോഗ്യ മന്ത്രി വീണാ ജോർജാണ് മൂന്ന് മാസത്തിനുള്ളിൽ ഇവിടെ ട്രോമാ കെയർ യൂണിറ്റും പുതിയ അത്യാഹിത വിഭാഗവും ഉടൻ പ്രവർത്തനസജ്ജമാക്കുമെന്ന് അറിയിച്ചത്. ദേശീയ പാതയോരത്ത് സ്ഥിതിചെയ്യുന്ന താലൂക്ക് ആശുപത്രിയായതിനാൽ ഇവിടെ അപകടത്തിൽപ്പെടുന്നവർക്ക് അടിയന്തര ചികിത്സ ലഭ്യമാക്കാൻ ട്രോമാ കെയർ സംവിധാനം കൊണ്ട് കഴിയുമെന്നാണ് വിലയിരുത്തൽ.
പണികൾ പാതിവഴിയിൽ
3.5 കോടി രൂപ ചെലവിട്ട് 5500 സ്ക്വയർ ചതുരശ്രയടിയുള്ള അത്യാഹിത വിഭാഗത്തിനായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ബാക്കി പണികൾ പൂർത്തിയാക്കാൻ ഇനിയും നടപടികളില്ല. തുടർ പദ്ധതികൾക്ക് ഫണ്ടില്ലെന്ന് പറയുന്നു. കെട്ടിടത്തിൽ പൂർത്തിയായ മേഖലയിൽ അത്യാഹിത വിഭാഗവും ലാബും ആരംഭിക്കാനുള്ള നീക്കവും എങ്ങുമെത്തിയില്ല. കെട്ടിടത്തിന്റെ നിർമ്മാണം തുടങ്ങി അഞ്ചു വർഷം കഴിഞ്ഞിട്ടും പണികൾ പൂർത്തിയാക്കാൻ കഴിയാത്തത് വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മയാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഇലക്ട്രിക് ജോലികളുൾപ്പെടെ പൂർത്തിയാക്കാനുണ്ട്.
പദ്ധതിയിൽ നടപടിയില്ല
പുതിയ കെട്ടിടം പൂർത്തിയായാൽ അത്യാഹിത വിഭാഗത്തിനു പുറമേ ലാബ്, എക്സ്റേ യൂണിറ്റുകളും ഇവിടേക്കു മാറ്റാൻ കഴിയും. അത്യാഹിതവിഭാഗത്തിനു മുകളിൽ നാലു നിലകളിലായി ഒ.പി ബ്ലോക്ക് ക്രമീകരിച്ച് വിവിധ ഒ.പികൾ ആരംഭിക്കാനാണ് നേരത്തേ പദ്ധതി തയ്യാറാക്കിയിരുന്നത്. പുതിയ കെട്ടിടത്തിൽ ഒ.പി ബ്ലോക്ക് നിർമ്മിക്കാൻ ആറ് കോടിയുടെ മറ്റൊരു പദ്ധതി തയ്യാറാക്കി സമർപ്പിച്ചിട്ട് വർഷങ്ങളായെങ്കിലും നടപടി ഉണ്ടായിട്ടില്ല.
കെട്ടിട നിർമ്മാണം പൂർത്തിയാക്കണം
കിഫ്ബി ഫണ്ടിൽനിന്നു 3.5കോടി രൂപ ചെലവിട്ടാണ് 5500 ചതുരശ്രയടി വിസ്തൃതിയുള്ള കെട്ടിടം നിർമ്മിക്കുന്നത്. ഇവിടെ ട്രോമാകെയർ യൂണിറ്റ് ആരംഭിക്കുന്നതിനായി പദ്ധതി വിഹിതത്തിൽനിന്ന് അഞ്ചുലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതിന്റെ തുടർനടപടികൾ ആരംഭിച്ചിട്ടില്ല. അത്യാഹിതവിഭാഗം പ്രവർത്തനസജ്ജമായാൽ ട്രോമാകെയർ കൂടി ഈ കെട്ടിടത്തിൽത്തന്നെ ആരംഭിക്കാൻ കഴിയുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. നിത്യവും രണ്ടായിരത്തിലധികം രോഗികളെത്തുന്ന ഇവിടെ ഡോക്ടർമാർ അടക്കമുള്ള ജീവനക്കാർ കുറവാണെന്നും ആക്ഷേപമുണ്ട്.