d

തിരുവനന്തപുരം: കേരളത്തിന്റെ ഐ.ടി മേഖലയുമായി സഹകരിക്കാൻ താത്പര്യം പ്രകടിപ്പിച്ച് ടെക്‌നോപാർക്ക് സന്ദർശിച്ച ഉന്നതതല ക്യൂബൻ പ്രതിനിധി സംഘം. ക്യാമ്പസിന്റെ ശേഷിവികസന സൗകര്യങ്ങളുമായും പരിശീലന മാതൃകകളുമായുമാണ് സഹകരണത്തിന് താത്പര്യം പ്രകടിപ്പിച്ചത്.

ഈ വർഷം രണ്ടാം തവണയാണ് പ്രതിനിധി സംഘം ടെക്‌നോപാർക്ക് സന്ദർശിക്കുന്നത്. ഹവാന ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഐ.ടി കമ്പനിയായ എക്സ് ഇ.ടി.ഐ.ഡിയുടെ ജനറൽ ഡയറക്ടർ ഏഞ്ചൽ ഓസ്‌കാർ പിനോ ഹെർണാണ്ടസ്, ബിസിനസ് ഡയറക്ടർ സൗമൽ തെജേദ ഡയസ്, ഗ്വാഡലൂപ്പ് ഡി റെഗ്ല ഫ്രോമെന്റ് ഗോമസ് (വിവർത്തക) എന്നിവരടങ്ങുന്ന സംഘമാണ് ടെക്‌നോപാർക്ക് സന്ദർശിച്ചത്.

സംസ്ഥാനത്തെ ഐ.ടി ആവാസവ്യവസ്ഥയുടെ സവിശേഷതകളെക്കുറിച്ചും ടെക്‌നോപാർക്കിന്റെ നേട്ടങ്ങളെക്കുറിച്ചും ടെക്‌നോപാർക്ക് സി.ഇ.ഒ കേണൽ സഞ്ജീവ് നായർ (റിട്ട), ടെക്‌നോപാർക്ക് ഡെപ്യൂട്ടി ജനറൽ മാനേജർ (മാർക്കറ്റിംഗ് ആൻഡ് കസ്റ്റമർ റിലേഷൻഷിപ്പ്) വസന്ത് വരദ എന്നിവർ പ്രതിനിധി സംഘവുമായി സംവദിച്ചു. ഡിജിറ്റൽ ഹെൽത്ത് കെയർ രംഗത്ത് ടെക്നോപാർക്ക് ആസ്ഥാനമായ ഫോക്സ്‌ഡെയിൽ വികസിപ്പിച്ച 'ഡോ.കണക്ട് ലൈവ്' എന്ന അത്യാധുനിക വിർച്ച്വൽ ഹോസ്പിറ്റൽ പ്ലാറ്റ് ഫോം ഫോക്സ്‌ഡെയ്ൽ പ്രൈവറ്റ് ലിമിറ്റഡുമായി പ്രതിനിധി സംഘം ബിസിനസ് കരാറിൽ ഒപ്പുവച്ചു. ഫോക്സ്‌ഡെയ്ലിന്റെ മാനേജിംഗ് ഡയറക്ടർ ജി.എൻ.പത്മകുമാറുമായും സംഘം കൂടിക്കാഴ്ച നടത്തി.