തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളുടെ ഭൂപടത്തിൽ ശ്രീകാര്യം സർക്കാർ ഹൈസ്‌കൂളിന് ഇടം നൽകിയത് എൻ.ഗോപിനാഥനെന്ന പ്രഥമാദ്ധ്യാപകന്റെ നേതൃത്വത്തിൽ നാട്ടുകാർ നടത്തിയ പോരാട്ടമാണ്. യു.പി സ്‌കൂളിന് ഹൈസ്‌കൂൾ പദവി നൽകുന്നതിന് മാനേജ്‌മെന്റ് സ്‌കൂളുകളിൽ നിന്നുൾപ്പെടെ പല കോണുകളിൽ നിന്നും എതിർപ്പുയർന്നപ്പോൾ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ നാട്ടുകാരെ സംഘടിപ്പിച്ച് പ്രഥമാദ്ധ്യാപകനായ ഉള്ളൂർ ധന്യയിൽ എൻ.ഗോപിനാഥൻ നടത്തിയ പോരാട്ടമാണ് വിജയം കണ്ടത്.
അദ്ദേഹത്തിന്റെ ദേഹവിയോഗവേളയിൽ പൊതുവിദ്യാലയത്തിന് വേണ്ടി നാട്ടുകാർ ഒന്നടങ്കം നടത്തിയ സമരവീര്യം ഓർത്തെടുക്കുകയാണ് അന്നത്തെ ശ്രീകാര്യം മുൻ പഞ്ചായത്ത് പ്രസിഡന്റ് എസ്.രാമചന്ദ്രൻ. ശ്രീകാര്യം പഞ്ചായത്തിലെ ഏക സർക്കാർ സ്‌കൂളായ ശ്രീകാര്യം യു.പി.എസിനെ ഹൈസ്‌കൂളായി ഉയർത്തണമെന്ന ആവശ്യം 1984-85 കാലഘട്ടത്തിലാണ് ഉയർന്നത്. പഞ്ചായത്ത് ഭരണസമിതിയും പ്രഥമാദ്ധ്യാപകൻ എൻ.ഗോപിനാഥന്റെയും നേതൃത്വത്തിൽ കർമ്മസമിതി രൂപീകരിച്ചു. സ്ഥലം വാങ്ങാനും കെട്ടിടം നിർമ്മിക്കാനുമുള്ള സ്ഥലം കണ്ടെത്തിയാൽ സർക്കാർ അനുമതി നൽകും. അതിന് വേണ്ടിയുള്ള നെട്ടോട്ടമായിരുന്നു പിന്നീട്. ഒന്നര ഏക്കർ സ്ഥലം കണ്ടെത്തി പണവും സമാഹരിച്ചപ്പോൾ ചില സ്ഥലം ഉടമകൾ പിൻമാറി. ഏറെ പണിപ്പെട്ടാണ് അവരെ അനുനയിപ്പിച്ചത്. തൊട്ടുപിന്നാലെ എയ്ഡഡ് സ്‌കൂളുകാരിൽ നിന്നും എതിർപ്പുയർന്നു. കോടതിയെ സമീപിച്ച് അവർ സ്റ്റേ വാങ്ങി. നീണ്ട നിയമവ്യവഹാരത്തിനൊടുവിലാണ് അത് നീക്കം ചെയ്യാനായത്. ഇതിനിടെ പുതിയ അദ്ധ്യയന വർഷം ആരംഭിച്ചിരുന്നു. ഏഴാംക്ലാസിൽ നിന്നും വിജയിച്ച കുട്ടികളെ എങ്ങനെ പഠിപ്പിക്കുമെന്നതായി വെല്ലുവിളി. പ്രഥമാദ്ധ്യാപകനായ എൻ.ഗോപിനാഥൻ അതേറ്റെടുത്തു. സ്‌കൂളിന് സമീപത്തെ വൈക്കോൽ ഷെഡിൽ അദ്ദേഹം കുട്ടികൾക്ക് ക്ലാസെടുത്തു. ഹൈസ്‌കൂളിന് അനുമതി കിട്ടിയില്ലെങ്കിൽ കുട്ടികളുടെ തുടർപഠനം അനിശ്ചിതത്വത്തിലാകും. അദ്ധ്യാപകന്റെ പണി പോകും. എന്നാൽ ഗോപിനാഥൻ സാറിന്റെ ശുഭാപ്തി വിശ്വാസമാണ് വിജയിച്ചതെന്ന് എസ്.രാമചന്ദ്രൻ ഓർക്കുന്നു. പൊതുവിദ്യാലയത്തിന്റെ നന്മയെ തന്റെ ജീവനോളം സ്‌നേഹിച്ച എൻ.ഗോപിനാഥനെന്ന പ്രഥമാദ്ധ്യാപകന്റെ ജീവിതനന്മ ആ കലാലയത്തിനൊപ്പം ഇന്നുമുണ്ട്.