തിരുവനന്തപുരം: മഹാത്മാഗാന്ധിയും അദ്ദേഹത്തിന്റെ സന്ദേശങ്ങളും കാലാതീതമായി നിലനിൽക്കുമെന്നും ഇന്നത്തെ സാഹചര്യത്തിൽ ഇന്ത്യയുടെ ബഹുസ്വരത നിലനിറുത്താൻ ഗാന്ധിയൻ ആശയങ്ങൾക്കേ കഴിയൂവെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യ ത്തിൽ തൈക്കാട് ഗാന്ധിഭവനിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് സംഘടിപ്പിച്ച പുസ്തകോത്സവവും ഗാന്ധിജയന്തിയാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗാന്ധി സ്മാരക നിധി ചെയർമാൻ ഡോ.എൻ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. പ്രശാന്ത് ഭൂഷൺ, എം.എം.ഹസൻ, ആന്റണി രാജു എം.എൽ. എ, അഡ്വ. ടി.ശരത്ചന്ദ്രപ്രസാദ്, കേരള ഗാന്ധി സ്‌മാരക നിധി ഉപദേശക സമിതി അംഗം അഡ്വ. എസ്.രാജശേഖരൻ നായർ, സെക്രട്ടറി. ടി.ആർ.സദാശിവൻ നായർ, അഡ്വ. ബി.ജയചന്ദ്രൻ നായർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഡോ. പി. കെ.സുകുമാരനെ വി.ശിവൻകുട്ടി ആദരിച്ചു. ഡോക്യുമെന്ററി സംവിധായകനും ചിത്രകാരനുമായ വി.കെ.മോഹൻ വരച്ച ഗാന്ധിജിയുടെ എണ്ണച്ചായാചിത്രം എം.എം.ഹസൻ അനാച്ഛാദനം ചെയ്തു.