karali-accident

പാറശാല: ദേശീയപാതയിൽ പാറശാലയ്ക്ക് സമീപം കാരാളി വളവിൽ പച്ചക്കറിയുമായെത്തിയ ലോറി മറിഞ്ഞ് അപകടം. കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നിനാണ് സംഭവം. ധർമ്മപുരി സ്വദേശികളായ ലോറി ഡ്രൈവർ മോഹൻരാജ്,സഹായി സന്തോഷ് എന്നിവർക്ക് നിസാര പരിക്കേറ്റു. തമിഴ്‌നാട്ടിലെ ഹൊസൂറിൽ നിന്നും തിരുവനന്തപുരത്തെ ചാല മാർക്കറ്റിലേക്ക് പച്ചക്കറിയുമായി എത്തിയ ലോറി കാരാളി കൊടുംവളവിൽ എതിരെ വന്ന വാഹനത്തിന് കടന്നുപോകുവാനായി പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ നിയന്ത്രണം തെറ്റി സൈഡിലെ കടകളുടെ മുകളിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ പാതയോരത്തെ മൂന്ന് കടകളുടെ മുൻവശം പൂർണമായും തകർന്നു. റോഡിൽ കാൽനട യാത്രക്കാരോ മറ്റ് വാഹനങ്ങളോ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. കാരാളി വളവിൽ ഇതിന് മുൻപും നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. ചിലർക്ക് ജീവഹാനി വരെ സംഭവിച്ചിട്ടുണ്ട്.