തിരുവനന്തപുരം : തലസ്ഥാനത്ത് ആയിരങ്ങളെ സാക്ഷിയാക്കി മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന് കേരളത്തിന്റ ആദരം. മറുപടി പ്രസംഗത്തിൽ വികരാധീനനായ ലാലിന്റെ ശബ്ദം പലവട്ടം ഇടറി.
ഇപ്പോൾ അനുഭവിക്കുന്ന വൈകാരിക ഭാരത്തെ മറച്ചുപിടിക്കാൻ കാലങ്ങളായി താൻ ആർജിച്ച അഭിനയശേഷിക്ക് സാധിക്കുന്നില്ലെന്ന് തുറന്നു പറഞ്ഞു. ഇതുതന്നെയാണോ എന്റെ തൊഴിൽ എന്നാലോചിക്കുമ്പോഴെല്ലാം 'ലാലേട്ടാ' എന്ന് സ്‌നേഹത്തോടെ എന്നെ വിളിച്ചുണർത്തി. മുങ്ങിപ്പോകുമ്പോഴെല്ലാം ആരൊക്കെയോ പിടിച്ചുയർത്തുന്നു. ഇനിയും ഒഴുകൂ എന്നു പറയുന്നു. നന്ദി ആരോടു ഞാൻ ചൊല്ലേണ്ടൂ..' വികാരാധീനനായി ശബ്ദം വീണ്ടുംഇടറി.
ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കേ അവാർഡ് നേടിയ നടനെ ആദരിക്കാൻ ``അഭിമാനം വാനോളം ലാൽസലാം ``എന്ന പേരിൽ പ്രൗഢഗംഭീരമായ ചടങ്ങാണ് സർക്കാർ സെൻട്രൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും വേദിയിലെത്തിയശേഷം ലാലേട്ടൻ കടന്നുവന്നു. ജൂബ്ബയും പാൻസുമായിരുന്നു വേഷം. മുഖ്യമന്ത്രി പൊന്നടയണിയിച്ചു. പഴയകാല ക്യാമറയെയും റീലിനെയും അനുസ്മരിപ്പിക്കുന്ന ഉപഹാരം സമ്മാനിച്ചു.
മുഖ്യമന്ത്രിയുടെ പ്രസംഗത്തിലുൾപ്പെടെ കടന്നുവന്ന ലാലേട്ടൻ പരാമർശം സദസിനെ ഹരംകൊള്ളിച്ചു.
നടപ്പിലും ഇരിപ്പിലും നോട്ടത്തിലും ശരീരഭാഷയിലും മോഹൻലാലിനെ പോലെ മലയാളിയെ സ്വാധീനിച്ച അധികം താരങ്ങളില്ലെന്ന് മുഖ്യമന്ത്രി.
കവി പ്രഭാവർമ്മ രചിച്ച കാവ്യപത്രവും ചിത്രകാരൻ എ.രാമചന്ദ്രന്റെ താമരക്കുളത്തിന്റെ ലോകം എന്ന ചിത്രവും സമ്മാനിച്ചു.
മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ സ്വാഗതമാശംസിച്ചു. മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, ജി.ആർ.അനിൽ, മേയർ ആര്യാ രാജേന്ദ്രൻ, എ.എ റഹിം എം.പി, ആന്റണി രാജു എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാർ, ജില്ലാ കളക്ടർ അനുകുമാരി, ചലച്ചിത്ര സംവിധായകരായ അടൂർ ഗോപാലകൃഷ്ണൻ, ജോഷി, സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ദിവ്യ.എസ്.അയ്യർ, സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർപേഴ്സൺ മധുപാൽ, ചലച്ചിത്ര അക്കാഡമി ചെയർപേഴ്സൺ പ്രേംകുമാർ, സെക്രട്ടറി സി.അജോയ്, ചലച്ചിത്ര വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ പ്രിയദർശൻ, അഭിനേതാക്കളായ അംബിക, രഞ്ജിനി, മാളവിക മോഹനൻ തുടങ്ങിയവർ പങ്കെടുത്തു. ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർപേഴ്സൺ കെ.മധു നന്ദി പറഞ്ഞു.