തിരുവനന്തപുരം: 200 കൊല്ലത്തോളം വൈദ്യുതി ഉത്പാദിപ്പാക്കാനാകുന്ന തോറിയം നിക്ഷേപം സംസ്ഥാനത്തിനുണ്ടെന്നും ഇത് പ്രയോജനപ്പെടുത്തുന്നതിന് അനുയോജ്യമായ ഊർജ്ജ മേഖലാ വികസന പദ്ധതികൾ സംസ്ഥാനത്തുണ്ടാകണമെന്നും മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന വിഷൻ 2031 സംഘാടക സമിതി രൂപീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജലമുൾപ്പെടെ ലഭ്യമായ എല്ലാ ഊർജ്ജ വിഭവങ്ങളും എങ്ങനെ പ്രയോജനപ്പെടുത്താനാകുമെന്ന് സെമിനാറിൽ വിശദമായി ചർച്ച ചെയ്യണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
യോഗത്തിൽ കെ.എസ്.ഇ.ബി എം.ഡി. മിൻഹാജ് ആലം,ഡിസ്ട്രിബ്യൂഷൻ ഡയറക്ടർ പി.സുരേന്ദ്ര,സ്വതന്ത്ര ഡയറക്ടർ വി.മുരുകദാസ്,ജില്ലാകളക്ടർ എം.എസ്. മാധവിക്കുട്ടി,പാലക്കാട് ഐ.ഐ.ടി ഡയറക്ടർ എ.ശേഷാദ്രി ശേഖർ,പാലക്കാട് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ (ട്രാൻസ്മിഷൻ സർക്കിൾ) രാജശ്രീ,വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ,വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
മന്ത്രി കെ. കൃഷ്ണൻകുട്ടി മുഖ്യ രക്ഷാധികാരിയായുള്ള സംഘാടകസമിതിക്ക് യോഗം രൂപം നൽകി. മന്ത്രി എം.ബി. രാജേഷ്,ജില്ലയിലെ എം.പി.മാർ,എം.എൽ.എമാർ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവർ രക്ഷാധികാരികളും ഊർജ്ജ വകുപ്പ് അഡീഷ്ണൽ ചീഫ് സെക്രട്ടറി,കെ.എസ്.ഇ,ബി സി.എം.ഡി ജനറൽ കൺവീനർ,കെ.എസ്.ഇ.ബി.എൽ സ്വതന്ത്ര ഡയറക്ടർ,ജില്ലാകളക്ടർ,കൺവീനർമാർ,പാലക്കാട് കെ.എസ്.ഇ. ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ജോയിന്റ് കൺവീനർ എന്നിവർ ഉൾപ്പെടുന്ന കരട് സംഘാടക സമിതിയിൽ ഒൻപത് ഉപസമിതികളുമാണ് ഉള്ളത്. ഒക്ടോബർ 24 ന് മലമ്പുഴ കെ.പി.എം. ട്രൈപ്പെന്റ ഹോട്ടലിലാണ് വികസന സെമിനാർ നടക്കുന്നത്.