mohanlal

തിരുവനന്തപുരം: അഭിനയം എനിക്ക് അനായാസമല്ല. നിങ്ങൾക്ക് അങ്ങനെ തോന്നുമായിരിക്കാം. എനിക്ക് തിരിച്ചറിയാൻ കഴിയാത്തൊരു ശക്തിയുടെ അനുഗ്രഹമാണത്. ക്യാമറയ്ക്കു മുന്നിൽ നിൽക്കുമ്പോഴെല്ലാം ഞാൻ വിളിക്കാറുണ്ട്, ദൈവമേ...
ഇന്ത്യൻ സിനിമയുടെ പരമോന്നത ബഹുമതിയായ ഫാൽക്കെ നേടിയതിന് സർക്കാർ ഒരുക്കിയ ആദരിക്കൽ ചടങ്ങിൽ മഹാനടൻ മോഹൻലാൽ മനസ് തുറന്നു. വളർച്ചയുടെ ഓരോ ഘട്ടത്തിലും താങ്ങും തണലുമായവരെ വിനയാന്വിതനായി സ്മരിച്ചു.

ഉയർച്ചയും താഴ്ചയും എനിക്കുണ്ടായിട്ടുണ്ട്. വാനോളം പുകഴ്ത്തലും പാതാളത്തോളം പഴിയും കേട്ടു. ജയപരാജയങ്ങളെ സമഭാവനയോടെ കാണുന്നു. ജോലി തന്നെയാണ് എന്റെ ഈശ്വരൻ. 48 വർഷങ്ങൾ. തിരിഞ്ഞുനോക്കുമ്പോൾ ഇന്നും വിസ്മയം.

സിനിമയെക്കുറിച്ച് യാതൊന്നുമറിയാതെ,​ തലസ്ഥാന നഗരത്തിന്റെ വഴിയോരങ്ങളിൽ ഞങ്ങൾ കുറച്ചു സുഹൃത്തുക്കൾ സിനിമയെടുക്കാൻ ധൈര്യപ്പെട്ടു. ഓർക്കുമ്പോൾ ഇപ്പോഴും ഭയം. അതിന്റെ ജോലികൾക്കായി ഞങ്ങൾ മദ്രാസിലേക്ക് ട്രെയിൻ കയറി. സ്റ്റുഡിയോകളിൽ ചുറ്റിത്തിരിഞ്ഞു. ഞാൻ ഒട്ടും ആഗ്രഹിക്കാതെ,​ സുഹൃത്തുക്കൾ എന്റെ ഫോട്ടോ എടുത്ത് പ്രിയപ്പെട്ട ഫാസിലിന് അയച്ചുകൊടുത്തു. അങ്ങനെ ഞാൻ 'മഞ്ഞിൽ വിരിഞ്ഞ പൂക്കളി"ലെ നരേന്ദ്രനായി. വിധി ഏതൊക്കെ വഴിയിലൂടെയാണ് നടത്തിക്കൊണ്ടുപോകുന്നത് എന്നോർത്ത് വിസ്മയിച്ചുപോകുന്നു.

അഭിനയം ഒരു മഹാനദിയെങ്കിൽ,​ തീരത്തു നിൽക്കുന്ന മരത്തിന്റെ ചില്ലയിൽ നിന്ന് അതിലേക്ക് വീണ ഒരു ഇലയാണ് ഞാൻ. ഒഴുക്കിൽ മുങ്ങിപ്പോവുമ്പോഴെല്ലാം ആ ഇലയെ ഏതൊക്കെയോ കൈകൾ വന്ന് താങ്ങി. പ്രതിഭയുടെ കൈയൊപ്പുള്ള കൈകൾ. ഇതുതന്നെയാണോ എന്റെ തൊഴിൽ എന്നാലോചിക്കുമ്പോഴെല്ലാം 'ലാലേട്ടാ" എന്ന് എന്നെ വിളിച്ചുണർത്തിയവർ. ഇപ്പോഴും ഞാനാ മഹാനദിയുടെ പ്രവാഹത്തിലാണ്. മുങ്ങിപ്പോകുമ്പോഴെല്ലാം ആരൊക്കെയോ പിടിച്ചുയർത്തുന്നു. ഇനിയും ഒഴുകൂ എന്നു പറയുന്നു. നന്ദി ആരോടു ഞാൻ ചൊല്ലേണ്ടൂ... സദസ് കരഘോഷത്തോടെയാണ് ലാലിന്റെ ഓരോ വാക്കും സ്വീകരിച്ചത്.