തിരുവനന്തപുരം: നവരാത്രി നാളുകളിൽ അനന്തപുരിക്ക് അനുഗ്രഹം ചൊരിഞ്ഞ വിഗ്രഹങ്ങൾ, ഒരു ദിവസത്തെ നല്ലിരുപ്പിനു ശേഷം ഇന്നലെ മാതൃക്ഷേത്രങ്ങളിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു. കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തിൽ നിന്ന് പദ്മനാഭപുരം തേവാരക്കെട്ട് സരസ്വതിദേവി,ആര്യശാല ക്ഷേത്രത്തിൽ പൂജയ്ക്കിരുത്തിയ വേളിമല കുമാരസ്വാമി, ചെന്തിട്ട ക്ഷേത്രത്തിൽ നിന്ന് ശുചീന്ദ്രം മുന്നൂറ്റിനങ്ക എന്നീ ദേവവിഗ്രഹങ്ങളെ രാവിലെ കിള്ളിപ്പാലത്തേക്ക് എഴുന്നള്ളിച്ചു. അവിടെ കേരള പൊലീസ് പതിവുപോലെ ഗാർഡ് ഒഫ് ഓണർ നൽകി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ വരവേൽപ്പ് നൽകി. തുടർന്ന് വിഗ്രഹങ്ങളുടെ സംയുക്ത ഘോഷയാത്ര പുറപ്പെട്ടു.
കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തിൽ പൂജയ്‌ക്കൊപ്പം ആരാധിച്ചിരുന്ന ഉടവാൾ നവരാത്രി ട്രസ്റ്റ് അഡ്മിനിസ്‌ട്രേറ്റർ ആർ.രാജരാജവർമ്മ കന്യാകുമാരി ദേവസ്വം ബോർഡ് അധികൃതർക്ക് കൈമാറി.

കവടിയാർ കൊട്ടാരത്തിലെ പൂയം തിരുനാൾ ഗൗരി പാർവതീബായി, അശ്വതി തിരുനാൾ ഗൗരി ലക്ഷ്മീബായി, ട്രസ്റ്റ് സെക്രട്ടറി ഡി.വെങ്കിടേശ്വര അയ്യർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.നവരാത്രി യാത്രയ്ക്ക് രാജാവ് ഉടവാളേന്തി അകമ്പടി സേവിക്കുന്നതിന്റെ പ്രതീകമായാണ് യാത്രയിലുടനീളം ഉടവാൾ കൊണ്ടുപോകുന്നത്.
ഇന്നലെ രാത്രി നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഇറക്കിപൂജ നടത്തി. ഇന്ന് കുഴിത്തുറ മഹാദേവ ക്ഷേത്രത്തിലും വിഗ്രഹങ്ങൾക്ക് ഇറക്കിപൂജ നടക്കും.നാളെ വൈകിട്ട് വിഗ്രഹങ്ങൾ പദ്മനാഭപുരത്ത് എത്തും. സരസ്വതി ദേവീയെ കൊട്ടാരത്തിലെ ഹോമപ്പുര കുളത്തിൽ നടക്കുന്ന ആറാട്ടിനു ശേഷം തേവാരക്കെട്ടിൽ പൂജയ്ക്കിരുത്തും. കുമാരസ്വാമി വിഗ്രഹത്തെ വൈകിട്ട് വേളിമലയിലേക്ക് എഴുന്നള്ളിക്കും. കൽക്കുളം നീലകണ്ഠസ്വാമി ക്ഷേത്രത്തിൽ പൂജയ്ക്കിരുത്തുന്ന മുന്നൂറ്റി നങ്കവിഗ്രഹത്തെ 7ന് രാവിലെ ശുചീന്ദ്രം ക്ഷേത്രത്തിലേക്ക്

ഘോഷയാത്രയായി കൊണ്ടുപോകും.