dd

തിരുവനന്തപുരം : അര നൂറ്റാണ്ടോളമായി മലയാളിക്ക് അഭിമാനിക്കാനുള്ള നേട്ടങ്ങൾ നൽകുന്ന മലയാളത്തിന്റെ ഇതിഹാസ താരമാണ് മോഹൻലാലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . 'അഭിമാനം വാനോളം ലാൽ സലാം' പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തനിക്ക് ലഭിച്ച ദാദാസാഹേബ് പുരസ്ക്കാരം കേരളത്തിന് സമർപ്പിക്കുന്നുവെന്ന് മോഹൻലാൽ.

നമ്മുടെ വീട്ടിലെ ഒരംഗമായി, തൊട്ടയൽപ്പക്കത്തെ പ്രിയപ്പെട്ട ഒരാളായി മോഹൻലാലിനെ മലയാളികൾ കാണുന്നു.മലയാളിയുടെ അപര വ്യക്തിത്വമാണ് മോഹൻലാലെന്ന് ബ്രിട്ടീഷ് നരവംശ ശാസ്ത്രജ്ഞരായ ഫിലിപ്പോ ഒസെല്ലയും കരോളിൻ ഒസെല്ലയും എഴുതിയത് അതു കൊണ്ടാവണം. പ്രണയവും പകയും പ്രതികാരവും നൃത്തവും സംഗീതവും ലഹരിയും ഉന്മാദവും തിളച്ചു മറിയുന്ന വേഷപ്പകർച്ചകളായിരുന്നു മോഹൻലാൽ നൽകിയ ഭാവാനുഭവങ്ങൾ. അതുകൊണ്ട് നിത്യജീവിതത്തിൽ ഇടയ്‌ക്കെല്ലാം മോഹൻലാലായിപ്പോവുക എന്നതു പോലും ചില മലയാളികളുടെ ശീലമായി. ദാദാസാഹേബ് ഫാൽക്കെയെക്കുറിച്ച് ഓർക്കുമ്പോൾ വിസ്മരിച്ചു കൂടാത്ത ഒരു മലയാളിയുണ്ട്. രാജാരവിവർമ്മ. കിളിമാനൂരിൽ നിന്നു പോയ രാജാരവിവർമ്മ ലോണാവാലയിൽ സ്ഥാപിച്ച സ്വന്തം പ്രസ് വിറ്റു നൽകിയ പണം കൊണ്ടാണ് സഹായിയായിരുന്ന ഫാൽക്കെ തന്റെ ആദ്യ ചിത്രമെടുക്കുന്നത്. രാജാരവിവർമ്മ ഇന്ത്യൻ ചിത്രകലയുടെ ആചാര്യനായി. ഫാൽകെ ഇന്ത്യൻ ചലച്ചിത്ര കലയുടെ ആചാര്യനുമായി. മോഹൻലാലിനുള്ള അംഗീകാരം മലയാള സിനിമയ്ക്കുള്ള അംഗീകാരം കൂടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

'അഭിനയ കാലത്തെ ഒരു മഹാനദിയായി സങ്കൽപിച്ചാൽ താൻ തീരത്തെ മരച്ചില്ലയിൽ നിന്ന് ഒഴുകിപ്പോകുന്ന ഒരിലയാണെന്ന് മോഹൻലാൽ. ഒഴുക്കിൽ മുങ്ങിപ്പോകുമ്പോൾ ഏതൊക്കെയോ കൈകൾ വന്ന് താങ്ങി. ആ കൈകളെല്ലാം പ്രതിഭയുടെ കൈയ്യൊപ്പുള്ളവയായിരുന്നു. അഭിനേതാവ് ഒരു പിടി കളിമണ്ണു മാത്രമാണ് മറ്റുള്ളവരുടെ കൈ സ്പർശിക്കുമ്പോൾ അതിന് വ്യത്യസ്ത രൂപം കൈവരുന്നു. തിരക്കഥാകൃത്തുക്കൾ, സംവിധായകർ, നിർമ്മാതാക്കൾ, ക്യാമറാമാൻമാർ, മുഖത്ത് ചായം തേച്ചവർ, കഥാപാത്രങ്ങൾക്ക് വെളിച്ചം നൽകിയവർ, തന്റെ കഥാപാത്രങ്ങളെ സ്വീകരിച്ച പ്രിയപ്പെട്ട മലയാളികൾ എന്നിവരോടൊക്കെയും കടപ്പെട്ടിരിക്കുന്നുവെന്ന് ലാൽ പറഞ്ഞു.