dd

തിരുവനന്തപുരം: മോഹൻലാലിനൊപ്പം പ്രവർത്തിക്കാൻ എനിക്ക് ഇനിയും അവസരം ലഭിച്ചിട്ടില്ലെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. പക്ഷേ, മോഹൻലാലിന്റെ കഴിവുകളെപ്പറ്റി അങ്ങേയറ്റം അഭിമാനിക്കുകയും ആദരവ് നൽകുകയും ചെയ്യുന്ന ആളാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫാൽക്കെ അവാർഡ് ജേതാവ് മോഹൻലാലിനെ ആദരിക്കാൻ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച "അഭിമാനം വാനോളം ലാൽസലാം" പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് ദശാബ്ദം മുമ്പ് തനിക്ക് ഫാൽക്കെ പുരസ്‌കാരം ലഭിക്കുമ്പോൾ ഇതുപോലുള്ള ആഘോഷങ്ങളോ ജനങ്ങൾ പങ്കെടുക്കുന്ന പരിപാടികളോ ആദരവ് പ്രകടിപ്പിക്കലോ ഉണ്ടായിരുന്നില്ല. മോഹൻലാലിന് മികച്ച നടനുള്ള ആദ്യത്തെ ദേശീയ അവാർഡ് ലഭിക്കുമ്പോൾ അവാർഡ് നിശ്ചയിച്ച ജൂറിയുടെ അദ്ധ്യക്ഷൻ ഞാനായിരുന്നു. അതിൽ തനിക്ക് അഭിമാനവും സന്തോഷവുമുണ്ട്. ഓരോ മലയാളികളുടെയും പ്രതിബിംബം മോഹൻലാലിൽ കാണാം. അതുകൊണ്ടാണ് അദ്ദേഹം എല്ലാവരുടെയും സ്‌നേഹപാത്രമായത്. ഇനിയും ദശാബ്ദങ്ങൾ നീളുന്ന അഭിനയജീവിതം മോഹൻലാലിന് ആശംസിക്കുന്നതായും അടൂർ പറഞ്ഞു.