തിരുവനന്തപുരം : വിവാദമായ ചുമ മരുന്ന് 'കോൾഡ്രിഫ്' കേരളത്തിലും നിരോധിച്ചു. കോൾഡ്രിഫ് സിറപ്പിന്റെ എസ്.ആർ13 ബാച്ചിൽ പ്രശ്നം കണ്ടെത്തിയെന്ന് കേരളത്തിന് പുറത്ത് നിന്നുള്ള റിപ്പോർട്ടുകളെ തുടർന്നാണ് നടപടിയെന്ന് വീണ ജോർജ് അറിയിച്ചു.ഈ സിറപ്പ് സംസ്ഥാനത്തെ മരുന്ന് കടകളിൽ നിന്നോ ആശുപത്രികളിൽ നിന്നോ വിൽക്കാനോ കൊടുക്കാനോ പാടില്ല.
ഈ ബാച്ച് മരുന്നിന്റെ വിൽപ്പന കേരളത്തിൽ നടത്തിയിട്ടില്ലെന്നാണ് സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ പ്രാഥമികാന്വേഷണത്തിൽ വ്യക്തമായത്. കെ.എം.എസ്.സി.എൽ വഴിയും വിതരണമില്ല. എങ്കിലും സുരക്ഷയെ കരുതിയാണ് മരുന്നിന്റെ വിതരണവും വിൽപ്പനയും പൂർണമായും നിറുത്തി വയ്ക്കാൻ നിർദേശം .
കഫ് സിറപ്പുകളുടെ ഉപയോഗത്തെക്കുറിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് (ഡി.ജി.എച്ച്.എസ്) പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
രണ്ട് വയസിൽ താഴെയുള്ള കുട്ടികൾക്ക് സിറപ്പ് നൽകരുത്. അഞ്ച് വയസിന് താഴെയുള്ളവർക്ക് മരുന്ന് നിർദേശിക്കരുത്. അണുബാധയുള്ള കഫ് സിറപ്പുകൾ കഴിച്ച് 11 കുട്ടികൾ മരിച്ചതിനെ തുടർന്നാണ് മുന്നറിയിപ്പ്. രണ്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് ചുമയ്ക്കും ജലദോഷത്തിനുമുള്ള മരുന്നുകൾ നിർദേശിക്കുകയോ നൽകുകയോ ചെയ്യരുത്.
അഞ്ചു വയസ്സിന് താഴെയുള്ളവർക്കും ഇത് ശുപാർശ ചെയ്യുന്നില്ലെന്നും ഡി.ജി.എച്ച്.എസ് വ്യക്തമാക്കി. അതിനു മുകളിൽ പ്രായമുള്ളവർക്ക് മരുന്ന് കൊടുക്കേണ്ടി വന്നാൽ അത് കൃത്യമായ ക്ലിനിക്കൽ വിലയിരുത്തലിന് ശേഷം വളരെ ശ്രദ്ധയോടെ ,നിർദേശിക്കപ്പെട്ട അളവിൽ വേണം കൊടുക്കാൻ. മരുന്ന് കഴിച്ച കുട്ടികളെ കൃത്യമായി നിരീക്ഷിക്കണം.. ഒന്നിലധികം മരുന്നുകൾ കൂടിച്ചേരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.ഡോക്ടറുടെ അടിക്കുറിപ്പോടെയല്ലാതെ മരുന്നുകളെ ആശ്രയിക്കരുതെന്നും മുന്നറിയിപ്പുണ്ട്.