
തിരുവനന്തപുരം: ആരോഗ്യത്തോടൊപ്പം ആദിവാസികൾക്ക് വരുമാനവും നേടുന്നതിന് സമ്പുഷ്ടീകരിച്ച മധുരക്കിഴങ്ങിന്റെ ഹെൽത്ത് മിക്‌സടക്കമുള്ള ഉത്പന്നങ്ങൾ തയ്യാറാക്കാൻ കുടുംബശ്രീയുടെ പദ്ധതി. ഇതിനായി ആദിവാസി ഉന്നതികളിൽ കൃഷിയിറക്കാനായി സമ്പുഷ്ടീകരിച്ച മധുരക്കിഴങ്ങ് കുടുംബശ്രീ എത്തിക്കും.
കുടുംബശ്രീയുടെ പുനർജീവനം പദ്ധതിയും കേന്ദ്ര കിഴങ്ങ് വിള ഗവേഷണകേന്ദ്രവും (ഐ.സി.എ.ആർ-സി.ടി.സി.ആർ.ഐ-ട്രൈബൽ സബ് പ്ലാൻ) സംയുക്തമായാണ് നടപ്പാക്കുന്നത്. കേന്ദ്രകിഴങ്ങു വിള ഗവേഷണകേന്ദ്രത്തിൽ പ്ളാന്റ് ബ്രീഡിംഗിലൂടെ വികസിപ്പിച്ച സമ്പുഷ്ടീകരിച്ച മധുരക്കിഴങ്ങിന് പോഷകമൂല്യം കൂടുതലാണ്. 100 ഗ്രാം സമ്പുഷ്ടീകരിച്ച മധുരക്കിഴങ്ങിൽ 10 മില്ലി ഗ്രാം വരെ ബീറ്റാകരോട്ടിനും 80- 90 മില്ലിഗ്രാം ആന്തോസയാനിനുമുണ്ട്.
സമ്പുഷ്ടീകരിച്ച മധുരക്കിഴങ്ങും മൂല്യവർദ്ധിത ഉത്പന്നങ്ങളും മാതൃ-ശിശുമരണ നിരക്ക് കുറയ്ക്കാൻ സഹായിക്കും. 60 ശതമാനം സമ്പുഷ്ടീകരിച്ച മധുരക്കിഴങ്ങും തദ്ദേശീയമായ ചെറുധാന്യങ്ങളും ചേർന്ന ഹെൽത്ത് മിക്സ്, കുക്കീസ്, ദോശപ്പൊടി, പുട്ടുപൊടി തുടങ്ങിയ മൂല്യവർദ്ധിത ഉത്പന്നങ്ങളാണ് നിർമ്മിക്കുക. ഇതിനായി ആദിവാസികൾക്ക് പരിശീലനവും നൽകും. വിപണി ഉറപ്പാക്കാനും കുടുംബശ്രീ പിന്തുണയ്‌ക്കും. വിത്ത്, ജൈവവളം, ജൈവകീടനാശിനി, കാർഷിക ഉപകരണങ്ങൾ, ഉത്പന്നനിർമ്മാണ പരിശീലനം, ഉപകരണങ്ങൾ എന്നിവ കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം നൽകും.
20 ഏക്കറിൽ വിളവെടുത്തു
ആദ്യഘട്ടത്തിൽ അഗളി, ഷോളയൂർ, പുതൂർ പഞ്ചായത്തുകളിലെ 20 ഏക്കറിൽ കൃഷിചെയ്ത സമ്പുഷ്ടീകരിച്ച ഓറഞ്ച്, പർപ്പിൾ മധുരക്കിഴങ്ങ് വിളവെടുത്തു. രണ്ടാംഘട്ടത്തിൽ ഇടുക്കി, എറണാകുളം, കണ്ണൂർ, വയനാട്, കാസർകോട്, ജില്ലകളിൽ പദ്ധതി നടപ്പാക്കും. ബീറ്റാ കരോട്ടിൻ, ആന്തോസയാനിൻ എന്നീ ആന്റീഓക്സിഡന്റുകളാൽ സമ്പുഷ്ടമായ ലഘുഭക്ഷണങ്ങളും ഭക്ഷ്യോത്പന്നങ്ങളും വിപണിയിലെത്തിക്കും. ഒപ്പം മധുരക്കിഴങ്ങ് ചിപ്സ്, മഫിൻസ്, ജെല്ലി, കുൽഫി, സൂപ്പ് മിക്സ്, നൂഡിൽസ്, റെഡി ടു കുക്ക് ഉത്പന്നങ്ങൾ എന്നിവയുമുണ്ടാകും.