
കിളിമാനൂർ: സംസ്ഥാന പാതയിൽ കിളിമാനൂരിനും വെഞ്ഞാറമൂട്ടിനും ഇടയിലുള്ള പ്രധാന ജംഗ്ഷനുകളിൽ ഒന്നാണ് കാരേറ്റ്. കെ.എസ്.ആർ.ടി.സി ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങളെത്തുന്ന ഇവിടെ യാത്രക്കാർക്ക് ഒരു ബസ് കാത്തിരിപ്പ് കേന്ദ്രം പോലും ഇല്ല. മഴ പെയ്താൽ കടത്തിണ്ണയിൽ കയറി നിൽക്കണം.
സംസ്ഥാന പാതയിൽ വികസനം വന്നിട്ടും റോഡിന് ഒട്ടും വിതി കൂടിയിട്ടില്ല. അനധികൃത നിർമ്മാണം മൂലം പല കടകളുടെ മേൽക്കൂരകളും റോഡിലേക്കാണ് തള്ളി നിൽക്കുന്നത്. താരതമ്യേന വീതി കുറഞ്ഞ റോഡിൽ നിർത്തിയാണ് കെ.എസ്.ആർ.ടി.സി ബസുൾപ്പെടെയുള്ള വാഹനങ്ങൾ യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത്. ഇത് പലപ്പോഴും ഗതാഗത കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നു.
സിഗ്നൽ ലൈറ്റ്
പണിമുടക്കും
കല്ലറ, നഗരൂർ, കിളിമാനൂർ,വെഞ്ഞാറമൂട് റോഡുകൾ സന്ധിക്കുന്ന ഇവിടെ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിട്ടുണ്ടങ്കിലും അത് പലപ്പോഴും പ്രവർത്തന രഹിതമാണ്. ഇത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു.
അനധികൃത പാർക്കിംഗും
ഇരുചക്ര വാഹനങ്ങളിലും കാറുകളിലുമെത്തി വാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്തിട്ടാണ് പലരും ബസുകളിൽ ജോലി സ്ഥലത്തേക്ക് പോകുന്നതും. ഇത്തരം അനധികൃത പാർക്കിംഗും ഗതാഗത തടസ്സം ഉണ്ടാക്കുന്നു. രാത്രി കാലമായാൽ ഇവിടെ വെളിച്ചവും ഇല്ല. റോഡരികിലെ അനധികൃത മീൻ കച്ചവടം കൂടിയാകുമ്പോൾ കാരേറ്റ് ജംഗ്ഷനിലെ കാൽനടയാത്രയും ദുരിതപൂർണമാകും.
വെള്ളക്കെട്ട് രൂക്ഷം
മഴ പെയ്താൽ കരേറ്റ് മുതൽ വാമനപുരം പാലം വരെ വെള്ളക്കെട്ടാണ്. ലക്ഷങ്ങൾ മുടക്കി പൊതുമരാമത്ത് വകുപ്പ് നിർമ്മിച്ചിട്ടുള്ള ഓടകൾ നോക്കുകുത്തിയായതോടെ ഓടകളിലൂടെ ഒഴുകേണ്ട വെള്ളം റോഡുകളിലൂടെ പാഞ്ഞ് റോഡുകൾ തടാകതുല്യമാകും. കാരേറ്റ്-കല്ലറ റോഡ് നിർമ്മാണവും ഓട നിർമ്മാണവുമായി ബന്ധപ്പെട്ട് ഇവിടെ പണി ആരംഭിച്ചെങ്കിലും ഇതുമൂലം ഒലിച്ചുവരുന്ന വെള്ളവും കരേറ്റ് ജംഗ്ഷനിലാണ് എത്തുന്നത്.
ഫോട്ടോ: കാരേറ്റ് ജംഗ്ഷൻ.