
തിരുവനന്തപുരം: നേമം റെയിൽവേ വികസനത്തിന്റെ രണ്ടാംഘട്ട മാസ്റ്റർ പ്ലാൻ അനിശ്ചിതമായി നീളുന്നതിനാൽ തലസ്ഥാനവാസികളുടെ സ്വപ്നപദ്ധതി ഇപ്പോഴും ചുവപ്പുനാടയിൽ തന്നെ. തിരുവനന്തപുരം സൗത്ത് എന്ന രീതിയിൽ ഓപ്പറേറ്റിംഗ് സ്റ്റേഷനായി നേമത്തെ വികസിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മാസ്റ്റർ പ്ലാൻ അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകുന്നത് പദ്ധതി അട്ടിമറിക്കാനാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ജനപ്രതിനിധികളാരും പദ്ധതിക്കായി പരിശ്രമിക്കുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു. റെയിൽവേയിലെ വിവിധ വിഭാഗങ്ങൾ തമ്മിൽ ഏകോപനമില്ലാത്തതാണ് മാസ്റ്റർ പ്ലാൻ അന്തിമമാക്കുന്നതിന് തടസമെന്നാണ് ആരോപണം. റെയിൽവേ സഹമന്ത്രി വി.സോമണ്ണ ഫെബ്രുവരിയിൽ നേമം സന്ദർശിക്കുകയും രണ്ടാംഘട്ട മാസ്റ്റർ പ്ലാൻ തയ്യാറാക്കി ബോർഡിലേക്കയയ്ക്കാൻ നിർദ്ദേശിക്കുകയും ചെയ്തെങ്കിലും ഇതുവരെ അതിന് റെയിൽവേക്ക് കഴിഞ്ഞിട്ടില്ല. ആദ്യം ഡിവിഷൻ അയച്ച മാസ്റ്റർപ്ലാൻ ദക്ഷിണ റെയിൽവേ തിരിച്ചയച്ചിരുന്നു.
ഭൂമി ഏറ്രെടുക്കുന്നത് വൈകുന്നു
നേമം റെയിൽവേ ടെർമിനൽ സ്റ്റേഷൻ നിർമ്മാണത്തിനുള്ള ഭൂമിയേറ്റെടുത്ത് കൈമാറാൻ, സംസ്ഥാന സർക്കാർ വൈകുന്നതും പ്രശ്നമാണെന്ന് റെയിൽവേ അധികൃതർ പറയുന്നു. ഭൂമിക്കുള്ള മുഴുവൻ തുകയും കേന്ദ്രമാണ് നൽകുന്നത്. അതിനാൽ സംസ്ഥാനത്തിന് സാമ്പത്തിക ബാദ്ധ്യതയില്ല. ദേശീയപാതയിൽ നേമം സ്‌കൂളിന് തൊട്ടടുത്തുകൂടി ടെർമിനലിലേക്ക് പുതിയ ഫ്ലൈഓവർ നിർമ്മിക്കും. ഇവിടെയും സർക്കാർ സ്ഥലമേറ്റെടുത്ത് നൽകിയാലേ നിർമ്മാണം മുന്നോട്ട് കൊണ്ടുപോകാനാവൂ. സ്റ്റേഷൻ കെട്ടിടത്തിന്റെ ഭാഗത്താണ് ഭൂമി ലഭിക്കാനുള്ളത്. ലഭ്യമായ സ്ഥലത്ത് മാത്രമാണ് ഇപ്പോൾ നിർമ്മാണം നടക്കുന്നത്. ട്രെയിൻ അറ്റകുറ്റപ്പണിക്കുള്ള രണ്ട് പിറ്റ്‌ലൈനുകളുടെ നിർമ്മാണം 600 മീറ്ററോളം പൂർത്തിയായെങ്കിലും അതിന്റെ ഒരറ്റത്ത് ഭൂമി ഇനിയും ലഭിക്കാനുണ്ട്.
ആധുനിക സൗകര്യങ്ങൾ
16 ലൈനുകളാണ് നേമത്ത് നിർമ്മിക്കാൻ ലക്ഷ്യമിടുന്നത്.
ആധുനിക സൗകര്യങ്ങളുള്ള പുതിയ സ്റ്റേഷൻ മന്ദിരം,കൂടുതൽ പ്ലാറ്റ്‌ഫോമുകൾ,പിറ്റ്‌ലൈനുകൾ എന്നിവയുള്ള കോച്ചിംഗ് ടെർമിനലാണ് പദ്ധതിയിൽ ഉൾപ്പെടുത്തുക.