
ഉദിയൻകുളങ്ങര: പേരിനുമാത്രമായി ഗ്രാമീണ ചന്തകൾ. കർഷകർക്കും വീട്ടമ്മമാർക്കും ചെറുകിട വ്യാപാരികൾക്കും ഏറെ ആശ്രയമായിരുന്ന ചന്തകൾ പാടെ മറയുന്നു. മുമ്പുകാലത്ത് പുലർച്ചെ 3മണി മുതൽ ഉച്ചയ്ക്ക് 12വരെ ആൾക്കൂട്ടം നിറഞ്ഞ ചന്തകൾ ഇല്ലാതായിരിക്കുന്നു. ഇതോടെ പച്ചക്കറികളും മറ്റ് ഭക്ഷ്യ വിഭവങ്ങളും വിറ്റഴിക്കാതായി. വീട്ടിൽ വിളയുന്ന പച്ചക്കറി, നാളികേരം എന്നീ ഭക്ഷ്യസാധനങ്ങൾ ചന്തകളിലെത്തിച്ചാണ് ഗ്രാമവാസികൾ ജീവിച്ചു പോന്നിരുന്നത്. എന്നാൽ ഇപ്പോൾ സൂപ്പർമാർക്കറ്റുകളുടെയും മറ്റ് ഹൈടെക് ബിസിനസ് സംരംഭങ്ങളുടേയും കടന്നുവരവ് വൻതോതിൽ ഗ്രാമീണ ചന്തകൾക്ക് തിരിച്ചടിയായി. ചന്തകളുടെ പഴയകാല പ്രൗഡി തിരികെ കൊണ്ടുവരാൻ അധികൃതർ തയ്യാറാകണമെന്നാണ് ചെറുകിട വ്യവസായികൾ അടക്കമുള്ളവരുടെ ആവശ്യം.
സൂപ്പർമാർക്കറ്റ് കൈയടക്കി
ഗ്രാമീണ മേഖലകളിലേക്ക് സൂപ്പർമാർക്കറ്റ് കടന്നുവന്നതോടെ സ്വദേശ കാർഷിക വിഭവങ്ങൾക്ക് അവഹേളനം നേരിടുകയും അന്യസംസ്ഥാനത്തെ കാർഷിക,മത്സ്യ ഉത്പന്നങ്ങൾ അതിർത്തികടന്നതോടെ ഗ്രാമീണ ചന്തകൾ പിന്നോട്ടേക്ക് വലിഞ്ഞു. മത്സ്യ മാംസാദികൾ ചീഞ്ഞു കിടക്കുന്നതും പഞ്ചായത്തുകളുടെ ഉദാസീനതയും പ്രതിസന്ധിക്ക് കാരണമായതായി ചെറുകിട വ്യാപാരികൾ പറഞ്ഞു. ഒരു പഞ്ചായത്തിന് കീഴിൽ നിരവധി ചന്തകളാണ് നിലവിലുള്ളത്. ചന്തയ്ക്ക് ലേലം നൽകുകയും അതിൽനിന്ന് വൻതുക ഈടാക്കി എന്നിരുന്നാലും, ഈ തുകയിൽ നിന്ന് ഒന്നും തന്നെ പുരോഗമന പ്രവർത്തനങ്ങൾക്കായി ചെലവഴിക്കാത്തതും തിരിച്ചടിയായി.
കച്ചവടക്കാർക്കും തിരിച്ചടി
ആഴ്ചകളിൽ മൂന്ന് ദിവസം മാത്രം പ്രവർത്തനം ഉണ്ടായിരുന്ന നെയ്യാറ്റിൻകര ആറാമൂട് ചന്ത, ഉദിയൻകുളങ്ങര സേതുലക്ഷ്മി ഭായ് പബ്ലിക് മാർക്കറ്റ്, അമരവിള ചന്ത,പി ബി ജംഗ്ഷൻ മാർക്കറ്റ്,പാറശ്ശാല പുത്തൻചന്ത, ഉച്ചക്കട ചന്ത തുടങ്ങിയ മാർക്കറ്റുകളിലിപ്പോൾ പകുതിയിൽ താഴെ മാത്രമാണ് ആൾക്കാർ എത്താറുള്ളതെന്ന് കച്ചവടക്കാർ പറഞ്ഞു.