തിരുവനന്തപുരം: ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് എൽ.ഡി.എഫ് നടത്തിയ സെക്രട്ടേറിയറ്റ് വളയൽ സമരത്തെ അനുസ്മരിച്ച് ഇന്നലെ ചെങ്കൊടികളുമായി ജനക്കൂട്ടം സെക്രട്ടേറിയറ്റ് വളയൽ സമരം സംഘടിപ്പിച്ചു. ഗതാഗതം തടസപ്പെട്ടു. രംഗം ചിത്രീകരിക്കാൻ ന്യൂസ് ചാനലുകളുടെ ക്യാമറകളും. ഞായറാഴ്ച എന്താ സമരമെന്ന കൗതുകത്തോടെ സമര ഗേറ്രിനടുത്തേക്ക് പോയവർ ആദ്യം കണ്ടത് സമര ഗേറ്റിന് മുന്നിലെ സമരപ്പന്തൽ, അതിൽ സർക്കാരിന്റെ ബാർ നയത്തിനെതിരെ സെക്രട്ടേറിയറ്ര് വളയൽ എന്നെഴുതിയിരിക്കുന്നു.സമരം നടത്തുന്ന പാർട്ടിയുടെ പേരുമുണ്ട് സി.പി.എൻ (എം) എന്നാണ്. പെട്ടെന്ന് സി.പി.ഐ (എം) എന്ന് തെറ്റിദ്ധരിക്കും. സമരം നടത്തുന്നവർ കോടീശ്വര മുഖ്യമന്ത്രി രാജിവയ്ക്കുക എന്നെഴുതിയ പ്ലക്കാർഡുകളും പിടിച്ചിട്ടുണ്ട്. പെട്ടെന്നൊരു ''കട്ട്"" കേട്ടപ്പോഴേക്കും കൗതുകത്തിനവസാനമായി. സിനിമാ ഷൂട്ടിംഗ് നടക്കുകയാണ്.

ബി. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന നിവിൻ പോളി നായകനായ ചിത്രത്തിന് വേണ്ടിയാണ് സെക്രട്ടേറിയറ്റിന് മുന്നിലെ റോഡുകൾ സമരഭൂമിയായത്. ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല. രാഷ്ട്രീയ പ്രധാന്യമുള്ള ചിത്രമാണ് ഒരുങ്ങുന്നതെന്ന് സംവിധായകൻ ബി.ഉണ്ണിക്കൃഷ്ണൻ പറ‌ഞ്ഞു.കണ്ടുപരിചിതമായ ചില സന്ദർഭങ്ങൾ, ഇത് നിങ്ങളെ ഓർമ്മിപ്പിച്ചേക്കാം. പക്ഷെ, സംഭവങ്ങളുടെ നേർക്കുനേർ സമാനതകളില്ല. നിവിൻ പോളിക്കൊപ്പം ബാലചന്ദ്രമേനോൻ സാറുമുണ്ട്.

നിരവധി ഷെഡ്യൂളുകളായി ഇന്ത്യയ്ക്കകത്തും പുറത്തുമൊക്കെ ചിത്രീകരണമുണ്ട്.- അദ്ദേഹം പറഞ്ഞു.