
തിരുവനന്തപുരം: കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി വീണ്ടും വിപുലീകരിക്കാൻ നീക്കം. നിലവിലെ 36 അംഗങ്ങൾക്ക് പുറമെ അഞ്ചുപേരെക്കൂടി ഉൾപ്പെടുത്തി പുനഃസംഘടനാ പട്ടികയ്ക്കൊപ്പം പ്രഖ്യാപിച്ചേക്കും. 21 അംഗരാഷ്ട്രീയകാര്യ സമിതി 2024 ജനുവരിയിലാണ് 15 പേരെക്കൂടി ഉൾപ്പെടുത്തി 36 ആയി വിപുലമാക്കിയത്.
പാർട്ടിയുടെ നയപരമായ തീരുമാനങ്ങളെടുക്കുന്ന വേദികളിൽ തങ്ങൾക്ക് പ്രാതിനിധ്യമില്ലെന്ന എം.എൽ.എമാരുടെ പരാതി പരിഗണിച്ചാണ് അഞ്ച് പേരെക്കൂടി ഉൾപ്പെടുത്തുന്നത്.കെ.പി.സി.സി പ്രസിഡന്റ്, മുൻ കെ.പി.സി.സി പ്രസിഡന്റുമാർ, മുതിർന്ന നേതാക്കൾ, എം.പിമാർ ഉൾപ്പെടെയുള്ളവരാണ് രാഷ്ട്രീയ കാര്യ സമിതി അംഗങ്ങൾ.