കോവളം: അയൽവാസികൾ തമ്മിലുള്ള വാക്കേറ്റത്തിന് പിന്നാലെ സംഘർഷം. തിരുവല്ലം പുഞ്ചക്കരി മുള്ളുവിളയിൽ തമിഴ്നാട് തെങ്കാശി സ്വദേശികളായ മാരികണ്ണൻ,പളനിസ്വാമി,പോത്തീസ്,കാർത്തിക് എന്നിവർ നടത്തുന്ന ചിപ്‌സ്‌ ക‌‌ടയിലാണ് സംഭവം.

ഇന്നലെ പുലർച്ചെ ഇവിടെ മദ്യപിച്ചെത്തിയ അയൽവാസികളായ നാലംഗ സംഘം ചിപ്‌സും സിഗററ്റും വാങ്ങുന്നതിനിടെ തർക്കമുണ്ടായി. തുടർന്ന് ചിപ്‌സ് കടയിലെ ഒരാൾ നാലംഗ സംഘത്തിലെ ഒരാളുടെ സ്‌കൂട്ടർ മറിച്ചിട്ട് കേടുപാട് വരുത്തുകയും കത്തിക്കുകയുമായിരുന്നു.

ഇതിന്റെ വൈരാഗ്യത്തിൽ നാലംഗ സംഘം തമിഴ്നാട് സ്വദേശികളുടെ വീടിന്റെ ജനൽച്ചില്ല് തകർക്കുകയും സമീപത്തുണ്ടായിരുന്ന രണ്ട് ബൈക്കുകൾക്കും രണ്ട് സ്‌കൂട്ടറുകൾക്കും കേടുപാട് വരുത്തുകയുമായിരുന്നു. ഇരുകൂട്ടർക്കെതിരെ കേസെടുത്തെന്ന് തിരുവല്ലം എസ്.എച്ച്.ഒ പ്രദീപ് പറഞ്ഞു.