k

കോവളം: തിരുവല്ലം ഇടയാർ ഭാഗത്ത് പാർവതി പുത്തനാറിന് കുറുകെ നിർമ്മിക്കുന്ന പുതിയ പാലത്തിന് സർക്കാരിന്റെ പച്ചക്കൊടി. 15 കോടി 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതോടെ പ്രദേശവാസികൾ സന്തോഷത്തിലാണ്.

രണ്ട് കോടിയോളം രൂപ ഭൂമി ഏറ്റെടുക്കലിനായി വകയിരുത്തിയെങ്കിലും സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിച്ചിട്ടില്ല. ഇടയാറിലെ നിലവിലെ പാലം പൊളിച്ച് പുതിയ പാലം നിർമ്മിക്കുകയോ പകരം മൂന്നാറ്റുമുക്ക് ഭാഗത്ത് പാലം നിർമ്മിക്കുകയോ ചെയ്യാനാണ് പദ്ധതി. നദീ സംരഷണത്തിനായി പ്രത്യേക ഭിത്തികളും യൂട്ടിലിറ്റി ഷിഫ്ടിംഗിനായി 10 ലക്ഷത്തോളം രൂപയും വകയിരുത്തിയിട്ടുണ്ട്.

ഇടയാറിൽ നിലവിലുള്ള ഇരുമ്പുപാലം കാലപ്പഴക്കം കാരണം തകർച്ചാ ഭീഷണിയിലാണ്. ആംബുലൻസുകൾ, ഫയർഫോഴ്സ് വാഹനങ്ങൾ എന്നിവ ഉൾപ്പെടെയുള്ളവയ്ക്ക് ഇടയാർ ദ്വീപിലേക്ക് പ്രവേശിക്കാൻ കഴിയാറില്ല. നൂറ്റാണ്ടുകൾ പഴക്കമുള്ള നാരകത്തറ തറവാട് അടുത്തിടെ തീപിടിച്ചപ്പോൾ ഫയർഫോഴ്സിന് അങ്ങോട്ടേയ്ക്ക് എത്താൻ കഴിഞ്ഞിരുന്നില്ല. പ്രധാന റോഡുമായി ബന്ധിപ്പിക്കുന്ന വലിയ പാലത്തിന്റെ അഭാവം കാരണം ഇവിടത്തെ ജനങ്ങളുടെ യാത്രാദുരിതം വലുതാണ്.