
വെമ്പായം: ഗ്രാമീണ ടൂറിസം മേഖലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ വെമ്പായം തമ്പുരാൻ, തമ്പുരാട്ടിപ്പാറയിപ്പോൾ അവഗണനയുടെ വക്കിൽ. നിരവധി സഞ്ചാരികളെത്തിയിരുന്ന ഇവിടേക്കിപ്പോൾ ആരും വരാത്ത അവസ്ഥയാണ്. അടിസ്ഥാന സൗകര്യങ്ങളില്ലാത്തതും സാമൂഹ്യവിരുദ്ധരുടെ ശല്യവുമാണ് ഇതിന് പ്രധാന കാരണം.റവന്യു വകുപ്പിന്റെ കീഴിലാണ് തമ്പുരാൻ തമ്പുരാട്ടിപ്പാറ സ്ഥിതിചെയ്യുന്നത്. 3 വർഷങ്ങൾക്ക് മുൻപാണ് ടൂറിസം കൗൺസിൽ തമ്പുരാൻപാറയിൽ അടിസ്ഥാന നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. ഇവിടേക്കെത്തുന്നതിന് പടിക്കെട്ടുകളും പാറകളിലേക്ക് കയറുന്നതിന് ഇരുമ്പ് കൈവരിയും തമ്പുരാട്ടിപ്പാറയുടെ മുകളിലായി വ്യൂ പോയിന്റും ശൗചാലയവും ഉൾപ്പെടുന്ന ഇരുനില കെട്ടിടവും പണികഴിപ്പിച്ചു. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചതോടെ ഇവിടേക്ക് ആളുകളെത്താൻ തുടങ്ങിയിരുന്നു.എന്നാൽ ക്രമേണ സാമൂഹ്യവിരുദ്ധരിവിടെ താവളമാക്കി. പാറയിലേക്ക് കയറുന്ന കൈപ്പിടിയും കെട്ടിടത്തിനുള്ളിലെ വയറിംഗ്,പ്ലംബിംഗ് സാധനങ്ങളും ഇവർ നശിപ്പിച്ചു.സാമൂഹ്യവിരുദ്ധ ശല്യം തമ്പുരാൻ പാറയിലേക്കെത്തുന്ന സഞ്ചാരികളെ മാത്രമല്ല പ്രദേശവാസികളെയും ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. കുന്നുകയറി എത്തിച്ചേരാനുള്ള ബുദ്ധിമുട്ട് കാരണം പൊലീസും ഇവിടേക്ക് വരാറില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
സംരക്ഷിക്കാൻ ആളില്ലാത്തതിനാൽ ശൗചാലയം ഉൾപ്പെടുന്ന കെട്ടിടവും കാടുകയറി നശിക്കുകയാണ്. ഇവിടേക്ക് എത്തിച്ചേരാൻ പ്രത്യേക സമയക്രമമോ, നിയന്ത്രിക്കാൻ സെക്യൂരിറ്റി ജീവനക്കാരോ ഇല്ല. അതിനാൽ രാത്രികാലങ്ങളിൽ പോലും ഇവിടേക്ക് സാമൂഹിക വിരുദ്ധരെത്തുന്നു
തമ്പുരാൻപാറ ട്രക്കിംഗ് സെന്റർ:
അല്പം ട്രക്കിംഗും ആയാസകരമായ നടത്തവും ഇഷ്ടപ്പെടുന്നവർക്ക് ധൈര്യമായി തമ്പുരാൻപാറയിലേക്ക് പോകാം. ചെങ്കുത്തായ കുന്ന് കടന്ന്, 200ഓളം പടികൾ കയറിച്ചെല്ലുമ്പോൾ കാഴ്ചയുടെ സ്വർഗം തന്നെയാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്.
കാഴ്ചകൾ കാണാം
തിരുമുറ്റംപാറ മുത്തിപ്പാറ എന്നീ അംഗരക്ഷകന്മാരെയും തമ്പുരാട്ടിപ്പാറയും കടന്നുവേണം തമ്പുരാൻ പാറയിലെത്താൻ. പാറയുടെ മുകളിലായി ശിവക്ഷേത്രവും അതിന് മുകളിലായി ഇരുപതടിയോളം ഉയരമുള്ള ഗണപതി വിഗ്രഹവുമുണ്ട്. പാറയ്ക്ക് മുകളിലെത്തിയാൽ മഞ്ഞും കാറ്റും നിറഞ്ഞ അന്തരീക്ഷമാണ്. ഇവിടെ നോക്കിയാൽ തിരുവനന്തപുരം, കഴക്കൂട്ടം നഗരങ്ങളും കടലും കാണാനാവും.
വറ്റാത്ത നീരുറവകൾ
സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 700 മീറ്ററോളം ഉയരത്തിൽ 15ഓളം വിസ്തൃതിയിലാണ് പാറകൾ സ്ഥിതിചെയ്യുന്നത്. പാറയ്ക്ക് മുകളിൽ കൊടുംവേനലിലും വറ്റാത്ത നീരുറവയാണ് ഇവിടുത്തെ മറ്റൊരു സവിശേഷത. സാഹസിക വിനോദത്തിന് അനുയോജ്യമായ ഇവിടേക്ക് എൻ.സി.സിയുടെ ഭാഗമായി പല സ്കൂൾ, കോളേജുകളിൽ നിന്നും വിദ്യാർത്ഥികളെത്താറുണ്ട്.