community-hall-inaugurati

ചിറയിൻകീഴ്: എല്ലാവർക്കും നന്നായി ജീവിക്കാൻ കഴിയുന്ന നാടായി കേരളത്തെ മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ. ചിറയിൻകീഴ് പഞ്ചായത്തിൽ നിർമ്മാണം പൂർത്തിയായ കമ്മ്യൂണിറ്റി ഹാൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസനങ്ങളുടെ അടിസ്ഥാനം പശ്ചാത്തല സൗകര്യമൊരുക്കലാണ്. ഇതിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർണായക പങ്കുണ്ട്. ഗ്രാമീണ റോഡ് പദ്ധതികൾക്കായി 1000 കോടിരൂപ സർക്കാർ ചെലവഴിച്ചു. എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നശേഷം 14 ഓവർബ്രിഡ്ജുകൾ നിർമ്മിച്ചു. കേന്ദ്ര സർക്കാർ ഫണ്ട് നൽകാതെ ശ്വാസം മുട്ടിക്കുമ്പോഴും അതിന് കീഴടങ്ങാനോ പദ്ധതികൾ മാറ്റിവയ്ക്കാനോ തയ്യാറായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വി.ശശി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ഓഫീസിനോട് ചേർന്ന് മൂന്ന് നിലകളിലായി 11,750 ചതുരശ്രയടിയിലാണ് ഹാൾ നിർമ്മിച്ചിരിക്കുന്നത്. മൂന്ന് കോടി രൂപയാണ് നിർമ്മാണച്ചെലവ്. പാർക്കിംഗ് ഏരിയ, വനിതാ ഹോട്ടൽ, ശുചിമുറികൾ, അടുക്കള, 350 പേർക്ക് ഭക്ഷണം കഴിക്കാനാകുന്ന ഡൈനിംഗ് ഹാൾ, ഹാൾ എന്നിവയുൾപ്പെടെ കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്. ജില്ലാപഞ്ചായത്തംഗം ആർ.സുഭാഷ്,പഞ്ചായത്ത് പ്രസിഡന്റ് എം.അബ്ദുൾ വാഹിദ്,വൈസ് പ്രസിഡന്റ് ആർ.സരിത,പി.മുരളി,പി.മണികണ്ഠൻ,മിനിദാസ്,രേണുകാ മാധവൻ,ജെ.ബിജു,കെ.മോഹനൻ,വി.ബേബി,ബി.എസ്.അനൂപ്,ആർ.അനീഷ്,ജി.സുരേഷ്കുമാർ,വി.വിജയകുമാർ,വി.സുഭാഷ്,സജി തുടങ്ങിയവർ പങ്കെടുത്തു.