dd
പട്ടയത്തിൽപ്പെടാത്ത

□സഭയിൽ അവതരിപ്പിച്ച ബിൽ സബ്ജക്ട് കമ്മിറ്റിക്ക്

തിരുവനന്തപുരം:പട്ടയത്തിൽപ്പെടാത്ത അധിക ഭൂമി കൈവശത്തിലുണ്ടെങ്കിൽ നിയമപ്രകാരം ഉടമയ്ക്ക് പതിച്ച് നൽകി അതിന് പട്ടയവും മറ്റ് രേഖകളും നൽകുന്നതിനുള്ള ബിൽ നിയമസഭയിൽ മന്ത്രി കെരാജൻ അവതരിപ്പിച്ചു.സംസ്ഥാനത്തെ മൊത്തം ഭൂവുടമകളിൽ പകുതിയോളം പേർക്കും ഇതിന്റെ പ്രയോജനം ലഭിക്കും.പട്ടയത്തിൽ പറയുന്ന വിസ്തീർണ്ണത്തിന് പുറമെ അധിക ഭൂമിയുണ്ടെങ്കിൽ ഉടമയ്ക്ക് അതിനു കൂടി പട്ടയം നൽകും. ഈ ഭൂമി ഡിജിറ്റൽ റീസർവ്വേയിൽ കണ്ടെത്തിയതായിരിക്കണം. സർക്കാർ ഭൂമിയായിരിക്കരുത്. നിയമപരമായ തർക്കങ്ങളിലിൽപ്പെട്ടതാവരുത്.

പട്ടയത്തിൽ പറയുന്നതിൽ കൂടുതൽ ഭൂമി മിക്ക ഭൂവുടമകളുടേയും പറമ്പതിരുകൾക്കുള്ളിലുണ്ട്. ഇക്കാര്യം ഡിജിറ്റൽ റീസർവ്വേയിൽ കണ്ടെത്തിയിരുന്നു. പക്ഷെ നിലവിലെ നിയമപ്രകാരം ഈ ഭൂമി ഭൂവുടമയ്ക്ക് അനുഭവിക്കാമെന്നല്ലാതെ വിൽക്കാനോ, അനന്തരാവകാശികൾക്ക് ഭാഗം വച്ച് നൽകാനോ, കരമടയ്ക്കാനോ കഴിയില്ല. ഇതിന് പരിഹാരമുണ്ടാക്കാനാണ് പുതിയ ബിൽ.

സംസ്ഥാനത്തെ 35 ലക്ഷം ഹെക്ടർ ഭൂമിയിൽ 8ലക്ഷം ഹെക്ടർ വനഭൂമിയാണ്.ശേഷിക്കുന്ന 27 ലക്ഷം ഹെക്ടറിലാണ് സർക്കാർ ഭൂമിയും സ്വകാര്യ ഭൂമിയുമുള്ളത്. സ്വകാര്യ ഭൂമിയിൽ 8.31ലക്ഷം ഹെക്ടറിൽ ഡിജിറ്റൽ റീസർവ്വേ പൂർത്തിയായി.ഇതിൽ 4 ലക്ഷം ഹെക്ടറിലെ ഭൂവുമടകളുടെ കൈവശവും പട്ടയത്തിൽ പറയാത്ത അധിക ഭൂമിയുണ്ടെന്നാണ് കണ്ടെത്തൽ.സംസ്ഥാനത്ത് ഡിജിറ്റൽ റീസർവ്വേ പൂർത്തിയാകുന്നതോടെ പുതിയ നിയമത്തിന്റെ പ്രയോജനം എല്ലാ ജനങ്ങൾക്കും ലഭിക്കും. ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു.ഇത് തിരിച്ചു സഭയിലെത്തുന്ന മുറയ്ക്ക് പാസാക്കും.അതിന് ശേഷം ഗവർണർ ഒപ്പു വച്ചാൽ നിയമമാകും.പിന്നാലെ ചട്ടങ്ങളും തയ്യാറാകുന്നതോടെ ജനങ്ങൾക്ക് അധിക ഭൂമി സ്വന്തമാക്കാനുള്ള സാഹചര്യമൊരുങ്ങും..