old-bus-stand

ചിറയിൻകീഴ്: ചിറയിൻകീഴ് ബസ് സ്റ്റാൻഡ് ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ കോമ്പൗണ്ടിലേക്ക് പുനഃസ്ഥാപിക്കുന്നു. ഈ മാസം 10 മുതൽ ബസ് സ്റ്റാൻഡ് പഴയസ്ഥലത്ത് പ്രവർത്തിച്ചു തുടങ്ങും. ചിറയിൻകീഴ് ഓവർബ്രിഡ്ജ് നിർമ്മാണത്തിന്റെ ഭാഗമായി 3 വർഷങ്ങൾക്ക് മുമ്പാണ് ബസ് സ്റ്റാൻഡിന്റെ പ്രവർത്തനം സ്വാമിജി തിയേറ്ററിന് സമീപമൊരുക്കിയ താത്കാലിക സ്റ്റാൻ‌ഡിലേക്ക് മാറ്റിയത്. അമൃത് ഭാരത് പദ്ധതി പ്രകാരം ചിറയിൻകീഴ് റെയിൽവേ സ്റ്റേഷന്റെ ഭൗതിക വികസനങ്ങളുടെ ഭാഗമായി കോൺക്രീറ്റ് ചെയ്ത വിശാലമായ പാർക്കിംഗ് ഏരിയ ഒരുക്കിയിട്ടുണ്ട്. ഇതിൽ റെയിൽവേ സ്റ്റേഷന്റെ പ്രവേശന കവാടത്തിന് സമീപമായാണ് ബസ് സ്റ്റാൻഡ് പുനഃസ്ഥാപിക്കുന്നത്. ഓവർബ്രിഡ്ജ് തുറന്നതോടെ കടയ്ക്കാവൂർ ഭാഗത്തേക്കും തിരിച്ചുമുള്ള വാഹനങ്ങളുടെ സഞ്ചാരവും ശാർക്കര ക്ഷേത്രത്തിലേക്ക് പോകുന്നതിന് വലിയകട ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ശാർക്കര റെയിൽവേ ഗേറ്റ് ഒഴിവാക്കി ഓവർബ്രിഡ്ജ് വഴി സഞ്ചരിക്കാൻ തുടങ്ങിയതും ഗതാഗതക്കുരുക്കിന് ആക്കം കൂട്ടി.

രോഗികൾക്ക് ദുരിതയാത്ര

താത്കാലിക ബസ് സ്റ്റാൻഡിനടുത്തുതന്നെ ടെമ്പോ സ്റ്റാൻഡ്, ഓട്ടോ സ്റ്റാൻഡ് എന്നിവയും പ്രവർത്തിക്കുന്നു. പരിമിത സ്ഥലത്ത് ഇത്രയധികം വാഹനങ്ങൾ വന്നുപോകുന്നത് കൂടുതൽ ദുരിതങ്ങൾക്ക് കാരണമാകുമെന്നതിനാലാണ് ബസ് സ്റ്റാൻഡ് വീണ്ടും പഴയ സ്ഥലത്തേക്ക് മാറ്റുന്നത്. ചിറയിൻകീഴ് താലൂക്കാശുപത്രിയിലേക്ക് ആംബുലൻസിലെത്തുന്ന എമർജൻസി രോഗികൾക്ക് താത്കാലിക ബസ് സ്റ്റാൻഡ് ഭാഗത്തെ ഗതാഗതക്കുരുക്കും ദുരിതമായി മാറിയിട്ടുണ്ട്.

സർവീസ് റോഡുകൾ

ഗതാഗത സജ്ജമായിട്ടില്ല

ഓവർബ്രിഡ്ജിന് ഇരുവശവുമുള്ള സർവീസ് റോഡുകൾ പൂർണമായും ഗതാഗത സജ്ജമായിട്ടില്ല. അടുത്ത ദിവസങ്ങളിൽ സർവീസ് റോഡിന്റെ അവശേഷിക്കുന്ന നിർമ്മാണം പൂർത്തിയാക്കും. ചിറയിൻകീഴ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ ആർ.ടി.ഒ, ചിറയിൻകീഴ് പൊലീസ്, സ്വകാര്യബസ് ജീവനക്കാർ, ബസ് ഓണേഴ്സ് പ്രതിനിധികൾ, ടെമ്പോ ജീവനക്കാർ, നാട്ടുകാർ എന്നിവരുടെ യോഗത്തിലാണ് ബസ് സ്റ്റാൻഡ് പഴയസ്ഥലത്ത് പുനഃസ്ഥാപിക്കാൻ തീരുമാനമായത്.