ulnadan-mathsyabandhanam

വർക്കല: ഉൾനാടൻ മത്സ്യബന്ധന സാദ്ധ്യതകളെ കാര്യക്ഷമവും ഫലപ്രദവുമായ രീതിയിൽ ശക്തിപ്പെടുത്തുന്നതിനും ഉത്തേജിപ്പിക്കുന്നതിനുമായി സർക്കാർ തലത്തിൽ പദ്ധതികൾ നിരവധിയാണ്. എന്നാൽ ഇടവ-നടയറ കായലിലെ ഉൾനാടൻ മത്സ്യത്തൊഴിലാളികൾ പലരുമിന്ന് പട്ടിണിയിലാണ്. 160 ഓളം പേർക്ക് ഉപജീവന മാർഗമായിരുന്നു ഇവിടുത്തെ ഉൾനാടൻ മത്സ്യബന്ധനം. പാരമ്പര്യമായി ചെയ്തു വന്നിരുന്ന തൊഴിൽ ഉപേക്ഷിച്ച് പോകേണ്ട ഗതികേടിലാണ് മിക്ക തൊഴിലാളികളുമിന്ന്. മണൽമാഫിയകളുടെ കടന്നുകയറ്റം മത്സ്യസമ്പത്ത് ഇല്ലാതാകാൻ പ്രാധാന കാരണമായിട്ടുണ്ട്. മണലൂറ്റ് മൂലം കായലുകളിൽ വലിയ കുഴികൾ രൂപപ്പെട്ടു. സ്വാഭാവികമായ മത്സ്യപ്രജനനം നടക്കാതെയായി. മുൻകാലങ്ങളിൽ കരിമീൻ, കൊഞ്ച് എന്നിവയുടെ കുഞ്ഞുങ്ങളെ കായലിൽ നിക്ഷേപിക്കുമായിരുന്നു. എന്നാലിപ്പോൾ ഫലപ്രദമായി നടക്കുന്നില്ല. ദേശീയ ജലപാതയുടെ സർവേയ്ക്കായി കായലിൽ തെങ്ങിൻകുറ്റികൾ സ്ഥാപിച്ചത് കാലപ്പഴക്കംകൊണ്ട് ദ്രവിക്കുകയും ഒടിഞ്ഞുപോവുകയും ചെയ്തു. ഈ കുറ്റികളിൽ തട്ടി മത്സ്യബന്ധന വലകൾ മുറിയുകയും പിന്നീട് ഉപയോഗിക്കാൻ കഴിയാതെയും വരുന്നു. കുറ്റികൾക്ക് ചുറ്റും ശംഖ് പോലുള്ള ജലജീവികൾ ധാരാളമുണ്ട്, ഇവ വലയിൽ കുടുങ്ങുന്നതല്ലാതെ മിക്കപ്പോഴും മത്സ്യം ലഭിക്കാറില്ലെന്നും തൊഴിലാളികൾ പറയുന്നു. മത്സ്യസമ്പത്ത് കുറയുകയും ഒപ്പം ആനുകൂല്യങ്ങളില്ലാതായതോടെ തൊഴിലാളികൾ മറ്റ് ജോലികൾ ചെയ്ത് കുടുംബം പുലർത്താൻ നിർബന്ധിതരായി.

ആനുകൂല്യങ്ങൾ നഷ്ടപ്പെട്ടു

ക്ഷേമനിധി വിഹിതം കൃത്യമായി അടച്ചവർക്കും ആനുകൂല്യങ്ങളില്ല. സാമൂഹ്യക്ഷേമ പെൻഷനിൽ ഒരു പെൻഷൻ മാത്രമേ ലഭിക്കൂവെന്ന സ്ഥിതി വന്നതോടെ ക്ഷേമനിധികൊണ്ടും ഉപയോഗമില്ലാതായി. മുൻകാലങ്ങളിൽ ടോയ്‌ലെറ്റ്, വീട് നിർമ്മാണം, മെയിന്റനൻസ്, ചികിത്സാച്ചെലവ് എന്നിങ്ങനെ നിരവധി അനുകൂല്യങ്ങൾ സർക്കാരിൽ നിന്നും ലഭിച്ചിരുന്നു. പഞ്ചായത്തുകൾ വഴി മത്സ്യത്തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ ലഭിക്കുമ്പോൾ ഉൾനാടൻ മത്സ്യത്തൊഴിലാളികളെ അവഗണിക്കുകയാണ്.

പരിഗണിക്കണം

ഉൾനാടൻ മത്സ്യത്തൊഴിലാളികളുടെ ഉന്നമനത്തിനും അവകാശങ്ങൾക്കുമായി മുൻകാലങ്ങളിൽ രൂപീകൃതമായ തൊഴിലാളി സംഘടനകൾ പലതും ഇന്നില്ല. മറൈൻ മത്സ്യബന്ധന തൊഴിലാളികളുടെ ആവശ്യങ്ങൾക്ക് നൽകുന്ന പരിഗണന ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്കും ലഭിക്കണമെന്ന് തൊഴിലാളികൾ ആവശ്യപ്പെടുന്നു.