നെയ്യാറ്റിൻകര: അതിയന്നൂർ പഞ്ചായത്തിലെ കമുകിൻകോട്, കൊടങ്ങാവിള, അവണാകുഴി, കണ്ണറവിള പ്രദേശങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യം ദിനംപ്രതി രൂക്ഷമാകുകയാണ്. കൂട്ടമായെത്തി ഇവ കാൽനട യാത്രക്കാരെയും ഇരുചക്രവാഹന യാത്രികരെയും ആക്രമിക്കുന്ന സംഭവങ്ങൾ പതിവാണ്. റോഡിൽ കുറുകെ ചാടി വാഹനങ്ങൾ അപകടത്തിൽപ്പെടുന്ന സാഹചര്യങ്ങളും വർദ്ധിച്ചിട്ടുണ്ട്.

കമുകിൻകോട് ജംഗ്ഷൻ, കൊടങ്ങാവിള, അവണാകുഴി, കണ്ണറവിള പ്രദേശങ്ങളിൽ വൈകുന്നേരങ്ങളിൽ മീൻവില്പന നടക്കുന്ന സ്ഥലങ്ങളാണ് നായ്ക്കളുടെ പ്രധാന താവളങ്ങൾ.

കമുകിൻകോട് സ്വദേശികളായ ഫാത്തിമ,ഭാരതി,അജി,ബിന്ദു,സുഭാഷിണി എന്നിവർക്ക് അടുത്തിടെ തെരുവുനായ്ക്കളുടെ കടിയേറ്റ് പരിക്കേറ്റിരുന്നു. വിഷയത്തിൽ അധികൃതരുടെ അടിയന്തര ഇടപെടൽ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വിദ്യാർത്ഥികളും

വയോധികരും ഭീതിയിൽ

സ്കൂൾ കുട്ടികൾക്കും പ്രഭാതസവാരിക്ക് ഇറങ്ങുന്നവർക്കും സുരക്ഷിതമായി യാത്ര ചെയ്യാനാകാത്ത അവസ്ഥയാണ്. റോഡിലൂടെ യാത്ര ചെയ്യുമ്പോൾ കൈയിൽ കുറുവടി കരുതേണ്ട സാഹചര്യമാണെന്നാണ് നാട്ടുകാർ പറയുന്നത്. പല തെരുവുനായ്ക്കൾക്കും പേവിഷബാധയുണ്ടെന്ന സംശയവും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. വയോധികരും വിദ്യാർത്ഥികളുമാണ് കൂടുതലായും ആക്രമണത്തിന് ഇരയാകുന്നത്. തെരുവുനായ്ക്കളുടെ കടി പേടിച്ച് സ്കൂൾ കുട്ടികൾ വാഹനത്തിന് കുറുകെ ചാടി അപകടത്തിൽപ്പെടുകയും ചെയ്യുന്നുണ്ട്.

വന്ധ്യംകരണ പദ്ധതി കാര്യക്ഷമമല്ല

വാഹനങ്ങളിൽ നായ്ക്കളെ കൊണ്ടുവന്ന് ജനവാസം കുറഞ്ഞ പ്രദേശങ്ങളിൽ ഇറക്കിവിടുന്നതും പ്രശ്നമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. വന്ധ്യംകരണപദ്ധതി കാര്യക്ഷമമല്ലാത്തതും തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രണാതീതമായി വർദ്ധിക്കാൻ കാരണമായി.

മുൻകാലങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായപ്പോൾ പട്ടിപിടിത്തക്കാർ ഇറങ്ങാറുണ്ടായിരുന്നെങ്കിലും ഇപ്പോൾ അത് നാമമാത്രമായി മാറിയിരിക്കുന്നു. മത്സ്യമാർക്കറ്റുകളും ഭക്ഷണാവശിഷ്ടങ്ങൾ നിറഞ്ഞ പ്രദേശങ്ങളുമാണ് നായ്ക്കളുടെ പ്രധാന കേന്ദ്രങ്ങൾ.

നായ്ക്കളുടെ ആക്രമണമുണ്ടായാൽ

തെരുവുനായ്ക്കളുടെ ശല്യമുണ്ടായാൽ ആദ്യം പഞ്ചായത്തിൽ പരാതി നൽകണം. നടപടി ഉണ്ടായില്ലെങ്കിൽ ജില്ലാ കളക്ടർക്ക് പരാതി നൽകാവുന്നതാണ്. സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം, തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റവർക്ക് നഷ്ടപരിഹാരം നൽകാനും ചികിത്സാസൗകര്യങ്ങൾ ഉറപ്പാക്കാനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ബാദ്ധ്യസ്ഥരാണ്.

നഷ്ടപരിഹാരത്തിന് ബന്ധപ്പെടാം

തെരുവുനായ്ക്കളുടെ കടിയേറ്റിട്ടും നഷ്ടപരിഹാരം ലഭിക്കാതിരുന്നാൽ, പൗരന്മാർക്ക് ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയെ നേരിട്ട് സമീപിക്കാവുന്നതാണ്. ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി ഓഫീസ്: യു.പി.എ.ഡി ഓഫീസ് ബിൽഡിംഗ്, ഒന്നാം നില, നോർത്ത് പരമാര റോഡ്, കൊച്ചി-17.