1

പൂവാർ: വീട്ടിൽ സൂക്ഷിച്ചിരുന്ന 20 പവൻ ആഭരണങ്ങൾ കവർന്ന പ്രതിയെ കാഞ്ഞിരംകുളം പൊലീസ് പിടികൂടി. പുല്ലുവിള പി.പി വിളാകം വീട്ടിൽ വർഗീസ് ക്രിസ്റ്റിയാണ് (29) അറസ്റ്റിലായത്.കഴിഞ്ഞ മാസം 4ന് രാത്രി ഒന്നേകാലോടെ കരുംകുളം കൊച്ചുപള്ളി തെറ്റിനിന്ന പുരയിടം വീട്ടിലായിരുന്നു മോഷണം.

മുൻവശത്തെ വാതിലിന്റെ പൂട്ട് തകർത്ത് അകത്തുകടന്ന കള്ളൻ അലമാരയിൽ സൂക്ഷിച്ചിരുന്ന മൂന്ന് മാല,ആറ് വള,മൂന്ന് ബ്രേസ്‌ലറ്റ്,മൂന്ന് കൊലുസ്,ഒരു നെക്ലസ്,ആറ് മോതിരം,അഞ്ച് കമ്മൽ എന്നിങ്ങനെ വിവിധ തൂക്കത്തിലുള്ള 13 ലക്ഷം രൂപ വിലവരുന്ന 164 ഗ്രാം സ്വർണാഭരണങ്ങളാണ് കവർന്നതെന്ന് പൊലീസ് പറഞ്ഞു.

ജില്ലാ പൊലീസ് മേധാവി സുദർശനന്റെ നിർദ്ദേശപ്രകാരം നെയ്യാറ്റിൻകര ഡിവൈ.എസ്.പി ചന്ദ്രദാസ്,കാഞ്ഞിരംകുളം എസ്.എച്ച്.ഒ രതീഷ്,ബിനു,സജീഷ് കുമാർ എന്നിവരുൾപ്പെട്ട സംഘം നടത്തിയ അന്വേഷത്തിലാണ് പ്രതിയെ പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.ഇയാൾക്കെതിരെ 11ഓളം കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.

ഫോട്ടോ: ക്രിസ്റ്റി.