ആറ്റിങ്ങൽ: സ്കൂൾ ഓഫീസ് മുറി കുത്തിത്തുറന്ന ശേഷം സമീപത്തെ കെട്ടിടത്തിന് പുറത്ത് കിടന്നുറങ്ങിയ മോഷ്ടാവിനെ പിടികൂടി. ആറ്റിങ്ങൽ സ്വദേശി വിനീഷ് (23) ആണ് പിടിയിലായത്. വെള്ളിയാഴ്ച രാത്രിയാണ് പ്രതി ആറ്റിങ്ങൽ സി.എസ്.ഐ സ്കൂളിൽ മോഷണത്തിനായി കയറിയത്. ശനിയാഴ്ച രാവിലെ സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരൻ സ്കൂളിന്റെ വിവിധ ഭാഗങ്ങളിലെ ലൈറ്റ് ഓഫ് ചെയ്യാനെത്തിയപ്പോഴാണ് ഓഫീസ് റൂം തുറന്ന് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഓഫീസ് മുറിക്കകത്ത് അലമാരയും തുറന്ന് കിടക്കുന്നത് കണ്ട ജീവനക്കാരൻ വിവരം സ്കൂൾ അധികൃതരെയും പിന്നീട് പൊലീസിനെയും അറിയിക്കുകയായിരുന്നു. പൊലീസെത്തി സ്കൂൾ പരിസരത്ത് നടത്തിയ പരിശോധനയിലാണ് സമീപത്തെ കെട്ടിടത്തിന്റെ വരാന്തയിൽ കിടന്നുറങ്ങുകയായിരുന്ന വിനീഷിനെ കണ്ടത്. ചോദ്യം ചെയ്യവെ മോഷ്ടാവാണെന്ന് തിരിച്ചറിഞ്ഞു. അലമാരയിൽ നിന്നും ഒന്നും ലഭിച്ചില്ലെന്നും ക്ഷീണം കൊണ്ട് മാറിക്കിടന്ന് ഉറങ്ങിയതാണെന്നും മോഷ്ടാവ് പറഞ്ഞു. പണമോ വിലപിടിപ്പുള്ള യാതൊന്നും നഷ്ടമായില്ലെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. എന്നാൽ ഓഫീസ് ക്യാഷ് കൗണ്ടറിന് സമീപത്ത് വച്ചിരുന്ന 2 പാലിയേറ്റിവ് ധനസഹായ പെട്ടി തകർക്കുകയും അതിൽ നിന്ന് പണമെടുത്തശേഷം പ്രധാന ലോക്കറിന്റെ കൈപ്പിടി തകർത്ത നിലയിലുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. വിനീഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.