
തിരുവനന്തപുരം: കേരളത്തിലേക്ക് കുടിയേറിയവർക്ക് സമുദായ സർട്ടിഫിക്കറ്റ് അനുവദിക്കുന്നത് സംബന്ധിച്ച മാനദണ്ഡങ്ങളിൽ ഭേദഗതി വരുത്തണമെന്ന് കേന്ദ്രത്തിന് ശുപാർശ നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. 1950ന് മുമ്പ് ഇതരസംസ്ഥാനത്തുനിന്ന് കുടിയേറിയ തമിഴ് ഭാഷാ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് മാത്രമാണ് നിലവിലെ ചട്ടപ്രകാരം ജാതി സർട്ടിഫിക്കറ്റ് അനുവദിക്കുന്നത്. ഈ കാലപരിധി 1970 ജനുവരി ഒന്നിനു മുമ്പാക്കണമെന്ന് നടുവട്ടം ഗോപാലകൃഷ്ണൻ സമിതി റിപ്പോർട്ടിൽ ശുപാർശയുണ്ട്. കുടിയേറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങൾ യൂണിയൻ ലിസ്റ്റിലാണുള്ളത്. അതിനാൽ കേന്ദ്രത്തിന് മാത്രമേ മാനദണ്ഡങ്ങളിൽ ഭേദഗതി വരുത്താനാവൂ. ഇതിനുള്ള ശുപാർശ കേന്ദ്രത്തിന് അയച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുമെന്നും എ. രാജയുടെ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രി മറുപടി നൽകി.